മോഡി സര്‍ക്കാരിലെ 58 മന്ത്രിമാരില്‍ 51 പേരും കോടീശ്വരര്‍; പ്രധാനമന്ത്രി പട്ടികയില്‍ നാല്‍പ്പത്തിയാറാമത്

ബിജെപി അധ്യക്ഷനും ഗാന്ധിനഗര്‍ എംപിയുമായ അമിത് ഷാ 40 കോടി രൂപയുടെ ആസ്തിയുമായി നാലാം സ്ഥാനത്തുമാണ്

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിലെ 58 മന്ത്രിമാരില്‍ 51 പേരും കോടീശ്വരരെന്ന് റിപ്പോര്‍ട്ട്. സന്നദ്ധസംഘടനകളായ നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍ഇഡബ്ല്യു), അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) എന്നിവയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദലാണ് കോടീശ്വരപട്ടികയില്‍ മുന്നില്‍.

217 കോടി രൂപയുടെ ആസ്തിയാണ് ഇയാള്‍ക്കുള്ളത്. കേരളത്തില്‍നിന്നുള്ള മന്ത്രി വി. മുരളീധരനാണ് കോടിപതികളല്ലാത്ത അഞ്ചുപേരില്‍ ഒരാള്‍. 27 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. നിലവില്‍ പാര്‍ലമെന്റംഗങ്ങളല്ലാത്ത എസ് ജയ്ശങ്കര്‍, രാംവിലാസ് പാസ്വാന്‍ എന്നിവരുടെ വിവരങ്ങള്‍ ലഭ്യമല്ല.

മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗം പീയൂഷ് ഗോയലാണ് (95 കോടി രൂപ) രണ്ടാംസ്ഥാനത്ത്. ഗുരുഗ്രാമില്‍നിന്നുള്ള റാവു ഇന്ദര്‍ജിത് സിങ് (42 കോടി രൂപ)മൂന്നാംസ്ഥാനത്തും ബിജെപി അധ്യക്ഷനും ഗാന്ധിനഗര്‍ എംപിയുമായ അമിത് ഷാ 40 കോടി രൂപയുടെ ആസ്തിയുമായി നാലാം സ്ഥാനത്തുമാണ്. രണ്ടുകോടി രൂപയുടെ ആസ്തിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡി പട്ടികയില്‍ നാല്‍പ്പത്തിയാറാമനുനാണ്.

പശ്ചിമബംഗാളിലെ റായ്ഗഞ്ചില്‍നിന്നുള്ള എംപി ദേബശ്രീ ചൗധരി (61 ലക്ഷം), അസമിലെ ഡിബ്രുഗഢ് എംപി രാമേശ്വര്‍ തേലി (43 ലക്ഷം), രാജസ്ഥാനിലെ ബാഡ്‌മേറില്‍നിന്നുള്ള കൈലാഷ് ചൗധരി (24 ലക്ഷം), ഒഡിഷയിലെ ബാലസോറില്‍നിന്നുള്ള പ്രതാപ് ചന്ദ്ര സാരംഗി (13 ലക്ഷം) എന്നിവരാണ് കോടീശ്വരപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത മറ്റു മന്ത്രിമാര്‍.

Exit mobile version