രണ്ടാം മോഡി സര്‍ക്കാറില്‍ 60 അംഗ മന്ത്രിസഭയെന്ന് സൂചന; നിയുക്തമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ വൈകിട്ട് ചായസല്‍ക്കാരം

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കം പൂര്‍ത്തിയായി.

മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ച അംഗങ്ങള്‍ക്കായി പ്രധാനമന്ത്രി ഇന്ന് ചായ സല്‍ക്കാരം നടത്തും. വൈകുന്നേരം അഞ്ച് മണിക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന
കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിയുക്ത മന്ത്രിമാരെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് വി മുരളീധരന് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാ എംപിയാണ് വി മുരളീധരന്‍.

രാഷ്ട്രപതി ഭവനില്‍ വൈകീട്ട് 7 മണിക്കാണ് സത്യപ്രതിജ്ഞ. മന്ത്രിമാര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് ബിജെപി ഇതുവരെ ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല. എന്നാല്‍ ഘടക കക്ഷികളില്‍ ഓരോരുത്തര്‍ വീതം ഇന്ന് പ്രതിജ്ഞ ചെയ്യുമെന്ന് ഉറപ്പായി കഴിഞ്ഞു. 20 മുതല്‍ 25 വരെ കാബിനറ്റ് മന്ത്രിമാരടക്കം അറുപതംഗ മന്ത്രി സഭയായിരിക്കും അധികാരത്തിലേറുക എന്നാണ് സൂചന.

രവിശങ്കര്‍ പ്രസാദ്, രാംവിലാസ് പാസ്വാന്‍, പ്രകാശ് ജാവ്‌ദേക്കര്‍, സുഷമ സ്വരാജ്, സ്മൃതി ഇറാനി, നിര്‍മല സിതാരാമന്‍, പീയുഷ് ഗോയല്‍, കിരണ്‍ റിജിജു, ജിതേന്ദ്ര സിങ്, സദാനന്ദ ഗൌഡ, സാധ്വി നിരഞ്ജന്‍ ജ്യോതി, ഭൂപേന്ദര്‍ യാദവ്, ഗിരിരാജ് സിങ്, ജി.കിഷന്‍ റെഡ്ഡി, മന്‍സൂഖ് എല്‍ മാണ്ഡവിയ, മുക്താര്‍ അബ്ബാസ് നഖ്വി, ബബുല്‍ സുപ്രിയോ, രാംദാസ് അത്താവലെ എന്നിവര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചു. ഇവരോട് സത്യപ്രതിജ്ഞാ ചടങ്ങിന് തയ്യാറാകാന്‍ അമിത് ഷാ നിര്‍ദേശിച്ചു.

ശിവസേനയില്‍ നിന്ന് അരവിന്ദ് സാവന്ത്, ശിരോമണി അകാലിദളില്‍ നിന്ന് ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍, എല്‍ജെപിയില്‍ നിന്ന് രാംവിലാസ് പാസ്വാന്‍ എന്നിവര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ദേബശ്രീ ചൗധരി, നിത്യാനന്ദ റായ്, ആര്‍സിപി റായ്, സുരേഷ് അംഗടി തുടങ്ങിയവരായിരിക്കും മന്ത്രിസഭയിലെ പുതുമുഖങ്ങള്‍. ഇവര്‍ക്ക് മന്ത്രി സഭയില്‍ ചേരാന്‍ ക്ഷണം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version