ആല്‍വാറില്‍ ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകവെ കൂട്ടബലാത്സംഗം; ഇരയായ യുവതിക്ക് പോലീസ് കോണ്‍സ്റ്റബിളായി നിയമനം

ഉടന്‍ തന്നെ യുവതിക്ക് നിയമന ഉത്തരവ് കിട്ടുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് അറിയിച്ചു.

ജയ്പുര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകവെ കൂട്ട കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയെ പോലീസ് കോണ്‍സ്റ്റബിളായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഉടന്‍ തന്നെ യുവതിക്ക് നിയമന ഉത്തരവ് കിട്ടുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് അറിയിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ 26 നായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകുമ്പോള്‍ അഞ്ചംഗസംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് ദമ്പതികളെ അവര്‍ മോചിപ്പിച്ചത്. ദമ്പതികളുടെ കൈയ്യിലുണ്ടായിരുന്ന 2000 രൂപയും സംഘം തട്ടിയെടുക്കുകയും പിന്നീട് ദമ്പതികളെ വിളിച്ച് 9000 രൂപ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണം ലഭിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയ ഇവര്‍ പിന്നീട് ഒരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയായിരുന്നു.

സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് വിവരം ദമ്പതികള്‍ പുറത്തുപറയുന്നത്. ആല്‍വാര്‍ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും അന്വേഷണം തുടങ്ങാന്‍ വീണ്ടും ദിവസങ്ങള്‍ വൈകി. തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയും പോലീസ് സൂപ്രണ്ടിനെയും ആല്‍വാര്‍ സബ് ഇന്‍സ്‌പെക്ടറെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

നേരത്തെ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പമാണ് രാഹുല്‍ യുവതിയെ കാണാനെത്തിയത്. സംഭവത്തെ തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Exit mobile version