പശുവിന്റെ പേരില്‍ ആക്രമണങ്ങള്‍ നടന്നിടത്തെല്ലാം ജയിച്ചത് ബിജെപി; ദാദ്രിയിലും ബിജെപി ആധിപത്യം

അതിന് ശേഷം നിരവധി ആക്രമണങ്ങള്‍ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും സ്ഥിരമായി കേള്‍ക്കാന്‍ ആരംഭിച്ചു.

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ 2014ല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണമായിരുന്നു പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക് എന്നയാളെ പശുവിനെ കൊന്നുതിന്നെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു.

അതിന് ശേഷം നിരവധി ആക്രമണങ്ങള്‍ ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും സ്ഥിരമായി കേള്‍ക്കാന്‍ ആരംഭിച്ചു. ഗോ സംരക്ഷണത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ അനുവദിക്കാന്‍ പറ്റില്ലെന്ന് ഒരുഘട്ടത്തില്‍ പ്രധാനമന്ത്രി മോഡി പോലും പറഞ്ഞു.

പശുവിന്റെ പേരിലും, ബീഫിന്റെ പേരിലും നടന്ന ആക്രമണങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ചോ എന്ന ഇന്ത്യ സ്‌പെന്‍ഡ്.കോം സൈറ്റിന്റെ അന്വേഷണത്തിനൊടുവില്‍ അമ്പരപ്പിക്കുന്ന കണക്കാണ് ലഭിച്ചത്. പശുവിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ബിജെപിയുടെ വോട്ട് കുറച്ചില്ലെന്ന് മാത്രമല്ല, കൂട്ടിയെന്നാണ് ആ കണ്ടെത്തല്‍. ഇത്തരത്തില്‍ ആക്രമണങ്ങളും കൊലപാതകങ്ങളും അരങ്ങേറിയ 83 ലോക്‌സഭ മണ്ഡലങ്ങളില്‍ 60 ലും വിജയിച്ച് കയറിയത് ബിജെപിയാണ്. 2014 ല്‍ 83 സീറ്റുകളില്‍ 63 ലാണ് ബിജെപി വിജയിച്ചിരുന്നത്. അതേസമയം, ഉത്തര്‍പ്രദേശിലെ ചില സീറ്റുകളില്‍ മഹാസഖ്യം വിജയിച്ചത് മാത്രമാണ് ബിജെപിക്കുണ്ടായ തിരിച്ചടി. ദാദ്രി ഉള്‍പ്പെടുന്ന ഗൗതമബുദ്ധ നഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ മഹേഷ് ശര്‍മ്മയാണ് വിജയിച്ചത്.

Exit mobile version