ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡി തരംഗം; 175 സീറ്റില്‍ നേടിയത് 151 സീറ്റ്! നേട്ടത്തില്‍ ‘പങ്കാളിയായി’ മമ്മൂട്ടിയുടെ യാത്ര സിനിമയും

1978 മുതല്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു വൈഎസ്ആര്‍.

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ തരംഗം സൃഷ്ടിച്ച് ജഗന്‍മോഹന്‍ റെഡ്ഡി. മുഖ്യമന്ത്രിയായ ടിഡിപി നേതാവ് ചന്ദ്രശേഖര റാവുവിനെ തറപറ്റിച്ചാണ് ജഗന്‍മോഹന്‍ അട്ടിമറി വിജയം നേടിയത്. 175 സീറ്റില്‍ 151 സീറ്റും സ്വന്തമാക്കിയത് ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ്. ഈ ജയത്തില്‍ അല്‍പ്പമെങ്കിലും പങ്കാളിയാണ് മമ്മൂട്ടി അഭിനയിച്ച യാത്ര എന്ന സിനിമയും. ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്ആറിനെ അവതരിപ്പിച്ചത്.

തെരഞ്ഞെടുപ്പ് കാലത്താണ് ചിത്രം ഇറങ്ങിയത്. ആയതിനാല്‍ നല്ലൊരു പങ്കാളിത്തം ചിത്രം വഹിച്ചിട്ടുണ്ടെന്ന് എടുത്ത് പറയേണ്ടതായി വരും. സിനിമ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് ഏറെ വിവാദങ്ങളും ചൂടായിരുന്നു. എന്നാല്‍ അവയൊന്നും വിലപ്പോയിട്ടില്ല. വൈഎസ്ആറിന്റെ നേട്ടം പറഞ്ഞ യാത്ര കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ള ചിത്രം കൂടിയായിരുന്നു. വൈഎസ്ആറിന്റെ പദയാത്രയും ജനങ്ങള്‍ക്ക് വേണ്ടി ചെയ്ത പ്രവൃത്തികളും വീണ്ടും ചര്‍ച്ചയായി. 2003 ല്‍ കൊടുംവരള്‍ച്ച ആന്ധ്രയെ വലച്ചസമയത്ത് കത്തുന്ന വേനലില്‍ മൂന്നുമാസം കൊണ്ട് 1500 കിലോമീറ്റര്‍ പദയാത്ര നടത്തിയ നേതാവാണ് വൈഎസ്ആര്‍. ആ യാത്ര അവസാനിച്ചത് ആന്ധ്രയുടെ മുഖ്യമന്ത്രി കസേരയിലാണ്. ഇതെല്ലാമാണ് ആ ചിത്രത്തിലും പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് വിവാദത്തിനും വഴിവെച്ചത്.

1978 മുതല്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു വൈഎസ്ആര്‍. ജനനായകന്‍ എന്ന വിശേഷണത്തിന് സര്‍വഥാ യോഗ്യന്‍. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളും ജയിച്ച നേതാവ് തുടങ്ങിയ വിശേഷണങ്ങളെല്ലാം ഉണ്ട് അദ്ദേഹത്തിന്. മുഖ്യമന്ത്രിയായിരിക്കെ മറ്റൊരു യാത്രയ്ക്കിടെയാണ് അദ്ദേഹം വിടപറഞ്ഞത്. ഹെലികോപ്ടര്‍ അപകടത്തിലാണ് അദ്ദേഹം മരണമടഞ്ഞത്.

ഇപ്പോള്‍ വീണ്ടും അച്ഛന്‍ നടന്നുകയറി അതേ അധികാര വഴിയിലേക്കാണ് ഉജ്ജ്വല വിജയവുമായി ജഗനും നടന്നു കയറുന്നത്. വൈഎസ്ആറിന്റെ മകനോടുള്ള ജനങ്ങളുടെ സ്‌നേഹം വോട്ടുകണക്കുകളില്‍ കൃത്യമായി പ്രതിഫലിച്ചതാണ് ഈ വിജയത്തിനു പിന്നില്‍. നേനു വിന്നാന്നു നേനു വുന്നാന്നു (ഞാന്‍ കേട്ടു ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്) എന്ന ചിത്രത്തിലെ ഡയലോഗ് പ്രചാരണപരിപാടികളില്‍ പലയിടത്തും ജഗനും പ്രയോഗിച്ചിരുന്നു. ജഗന്റെ വാക്കുകള്‍ ജനമനസുകളില്‍ ആഴത്തില്‍ തന്നെ പതിഞ്ഞു എന്നതിന് വ്യക്തമായ തെളിവ് കൂടിയാണ് ഈ വിജയം.

Exit mobile version