350നടുത്ത് സീറ്റുകളുമായി മോഡിയും എന്‍ഡിഎയും അധികാരത്തിലേക്ക്; അഭിനന്ദനവുമായി ഇസ്രയേല്‍, ചൈന,ശ്രീലങ്ക,ജപ്പാന്‍…

2014ലെ നേട്ടത്തെയും കടത്തിവെട്ടിയാണ് എന്‍ഡിഎ ഇക്കുറി ഭരണത്തിലേക്ക് നടന്നടുക്കുന്നത്.

ന്യൂഡല്‍ഹി: 350നടുത്ത് മണ്ഡലങ്ങളില്‍ വെന്നിക്കൊടി പാറിച്ച് എന്‍ഡിഎ സഖ്യം കേന്ദ്രത്തില്‍ വീണ്ടും ഭരണം പിടിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ലോകരാജ്യങ്ങള്‍ അഭിനന്ദനങ്ങളുമായി രംഗത്ത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെയും അതിശയിപ്പിക്കുന്ന തരത്തില്‍ മിന്നും പ്രകടനവുമായി 2014ലെ നേട്ടത്തെയും കടത്തിവെട്ടിയാണ് എന്‍ഡിഎ ഇക്കുറി ഭരണത്തിലേക്ക് നടന്നടുക്കുന്നത്.

ഇതിനിടെയാണ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ തുടങ്ങിയവര്‍ മോഡിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പാക്കുന്നതാണ് ഫലസൂചനകള്‍. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം വൈകിട്ട് 5.30ന് ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും യോഗത്തില്‍ പങ്കെടുക്കും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെല്ലാം ബിജെപി മികച്ച മുന്നേറ്റം കാഴ്ചവെച്ചു. എസ്പിയും ബിഎസ്പിയും സഖ്യമായി മത്സരിച്ച ഉത്തര്‍പ്രദേശിലും നേട്ടം കൊയ്തത് ബിജെപിയാണ്.

Exit mobile version