വിവി പാറ്റ് ആദ്യം എണ്ണണം; പൊരുത്തക്കേട് കണ്ടെത്തിയാല്‍ മുഴുവന്‍ വിവി പാറ്റും എണ്ണണം; പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ കമ്മീഷന്‍ നാളെ തീരുമാനമെടുക്കും

ന്യൂഡല്‍ഹി; വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് രസീതുകളും ഇലക്ട്രോണിക് യന്ത്രങ്ങളിലെയും വോട്ടുകള്‍ എണ്ണുമ്പോള്‍ വ്യത്യാസം ഉണ്ടെങ്കില്‍ 100 ശതമാനം വിവി പാറ്റ് രസീതുകളും എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷനെ അറിയിച്ചു.

21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഈ ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ രാവിലെ യോഗം ചേരും. വിഷയത്തില്‍ നാളെ തീരുമാനമെടുക്കാമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.

100 ശതമാനം വിവി പാറ്റുകളും എണ്ണാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കുന്നതെങ്കില്‍ ഫലം അറിയാന്‍ വൈകിയേക്കും. നേരത്തെ 50 ശതമാനം വിവി പാറ്റ് എണ്ണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അത് പ്രായോഗികമല്ലെന്നും ഇത് നടപ്പാക്കിയാല്‍ വോട്ടെണ്ണല്‍ ആറ് ദിവസം വരെ നീണ്ട് പോകാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

Exit mobile version