തീപിടുത്തം; ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; പ്രതിപക്ഷത്തിന് മുന്നറിയിപ്പുമായി മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ സെക്ഷനിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ മന്ത്രി എകെ ബാലന്‍. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേര്‍ന്നാണ് ഫയല്‍ കത്തിച്ചതെന്ന് പറഞ്ഞവര്‍ മാപ്പുപറയണമെന്ന് എകെ ബാലന്‍ ആവശ്യപ്പെട്ടു. ഫയല്‍ കത്തിച്ചെന്ന ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം. ഇല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ബാലന്‍ വ്യക്തമാക്കി.

സെക്രട്ടറിയേറ്റിലെ ഒരു രേഖയും നശിപ്പിക്കാന്‍ കഴിയില്ല. ആരോപണങ്ങളില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും
വി.മുരളീധരനും കെ.സുരേന്ദ്രനും മാപ്പ് പറയാന്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നിയമ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും എകെ ബാലന്‍ പ്രതികരിച്ചു. തീപിടിത്തത്തില്‍ കത്തി നശിച്ച ഫയലുകള്‍ ഏതൊക്കെയെന്ന് സ്ഥിരീകരിക്കാന്‍ സെക്രട്ടറിയേറ്റില്‍ പരിശോധന തുടരകയാണ്. സ്ഥലം സന്ദര്‍ശിച്ച ഫൊറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുളളില്‍ പോലീസിന് കിട്ടും. ഇതു കൂടി ലഭിച്ച ശേഷമാകും അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക എന്നും മന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങള്‍ ചിലത് മാത്രം വാര്‍ത്തയാക്കുകയാണ്. നേതാക്കളുടെ ആക്ഷേപം പരിശോധിക്കാത നല്‍കിയാല്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ പരാതി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് കാലത്തെ പ്രതിഷേധങ്ങള്‍ കോടതി അലക്ഷ്യമാണ്. കോടതി വിധി മറികടന്നുളള സമരങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അവിശ്വാസ പ്രമേയത്തില്‍ മുന്‍പ് ഉയര്‍ത്തിയ ആരോപണങ്ങള്‍ പോലും കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല. ഭരണകക്ഷിയുടെ ചെലവില്‍ ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തിയത്. ഇതിന് ഭരണപക്ഷം കൂട്ടുനിന്നില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

Exit mobile version