വിവി പാറ്റ്; മോഡിക്കും ബിജെപിക്കും ഒരു നീതി, സാധാരണ ജനങ്ങള്‍ക്ക് മറ്റൊരു നീതി; കമ്മീഷന്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി; വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മോഡിക്കും അമിത് ഷായ്ക്കും ഒരു നീതി സാധാരണക്കാര്‍ക്ക് മറ്റൊരു നീതിയെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് 5 വിവിപാറ്റ് എണ്ണണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു കാരണവും പറയാതെയാണ് കമ്മീഷന്‍ ആവശ്യം തള്ളിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷിനാണോയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.

വിവി പാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഇതുവരെ ഔദ്യോഗികമായി പ്രതിപക്ഷത്തെ അറിയിച്ചിട്ടില്ല. കമ്മീഷനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഉറപ്പാക്കാന്‍ ആവശ്യം അംഗീകരിക്കണമായിരുന്നുവെന്നും ആവശ്യം തള്ളിയതില്‍ പോലും കമ്മീഷനില്‍ ഭിന്നത ഉണ്ടോ എന്നറിയില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

അതെസമയം കമ്മീഷന്‍ തീരുമാനത്തിന് എതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി ഡല്‍ഹിയില്‍ പറഞ്ഞു.

Exit mobile version