50% വിവിപാറ്റ് എണ്ണണം; പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു; അടുത്ത ആഴ്ച കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി; 50% വിവിപാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി അടുത്ത ആഴ്ച കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അറിയിച്ചു. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്.

നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഒരു ലോക്സഭ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റ് എണ്ണണമെന്നും വിധിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചത്.

ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും അതിനാല്‍ 50% വിവിപാറ്റ് എണ്ണണം എന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഒരു ലോക്സഭ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വോട്ടിങ് യന്ത്രങ്ങളിലെ വിവിപാറ്റ് എണ്ണുന്നത് ആകെയുള്ള വിവി പാറ്റ് യന്ത്രങ്ങളുടെ 0.44 ശതമാനം മാത്രമേ ആവുകയുള്ളൂവെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

റ്റിടിപി,കോണ്‍ഗ്രസ്, എഎപി, എസ്പി, സിപിഐ, ബിഎസ്പി എന്നിവ ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Exit mobile version