മുഴുവന്‍ വാക്‌സീനും എന്തുകൊണ്ട് വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി; കമ്പനികള്‍ക്ക് നല്‍കിയ പണം പൊതു ഫണ്ടാണ്, അതിനാല്‍ വാക്‌സീന്‍ പൊതു ഉല്‍പന്നമാണെന്നും കോടതി, കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ കമ്പനികളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. മുഴുവന്‍ കൊവിഡ് വാക്‌സീനും എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി ചോദിച്ചു. സ്വമേധയാ എടുത്ത കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വാക്‌സീന്‍ ഉല്‍പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് നല്‍കിയ പണം പൊതു ഫണ്ടുപയോഗിച്ചാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ വാക്‌സീന്‍ പൊതു ഉല്‍പന്നമാണെന്നും കോടതി നിരീക്ഷിച്ചു.

കൊവിഡ് വാക്‌സിന്റെ വില സംബന്ധിച്ചും കോടതി വിമര്‍ശനം ഉന്നയിച്ചു. വാക്‌സീന് വില നിയന്ത്രിക്കണം. വില തീരുമാനിക്കേണ്ടത് കമ്പനികളല്ല. അമേരിക്കയിലില്ലാത്ത വില എന്തിന് കോവിഷീല്‍ഡ് വാക്‌സീന് ഇന്ത്യക്കാര്‍ നല്‍കുന്നു. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും എന്തിന് രണ്ട് വില എന്നും കോടതി ചോദിച്ചു. വില കുറയ്ക്കുന്നതിന് കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

വാക്‌സീന്‍ ഉല്‍പാദനം കൂട്ടണമെന്നും കോടതി നിര്‍ദേശിച്ചു. നിരക്ഷരര്‍ എങ്ങനെ കോവിന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യുമെന്നും കോടതി ആരാഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടുന്നവര്‍ക്കെതിരെയുള്ള നടപടി കോടതിയലക്ഷ്യമാണെന്നും കോടതി നിരീക്ഷിച്ചു.

വിവരങ്ങള്‍ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പൗരന്മാര്‍ ഉന്നയിക്കുന്ന പരാതികള്‍ തെറ്റാണെന്ന ധാരണ ഉണ്ടാകരുതെന്നും സുപ്രീം കോടതി പറഞ്ഞു.

Exit mobile version