സിദ്ദുവിനെ പോലെ ആക്രമണ ശൈലിയല്ല; ദ്രാവിഡിനെ പോലെ കാര്യബോധത്തോടെ പെരുമാറൂ…!കേന്ദ്ര സര്‍ക്കാറുമായുള്ള ഏറ്റുമുട്ടലിനിടെ ആര്‍ബിഐയെ ഉപദേശിച്ച് രഘുറാം രാജന്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിനെ ക്രിക്കറ്റ് താരങ്ങളുമായി ഉപമിച്ച് രഘുറാം രാജന്‍. സീറ്റ് ബെല്‍റ്റിനോട് ഉപമിച്ചതിന് പിന്നാലെയാണ് താന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം വ്യക്തമാക്കാനായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ക്രിക്കറ്റ് താരങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് നവജ്യോത് സിദ്ദുവിന്റേതല്ല, രാഹുല്‍ ദ്രാവിഡിന്റെ കളി രീതിയാണ് ആര്‍ബിഐ സ്വീകരിക്കേണ്ടതെന്ന് രഘുറാം രാജന്‍ പറഞ്ഞു. സ്വയംഭരണത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരുമായി റിസര്‍വ് ബാങ്ക് യുദ്ധം നടത്തുന്ന പശ്ചാത്തലത്തിലാണ് രഘുറാം രാജന്റെ പ്രതികരണം.

രാഹുല്‍ ദ്രാവിഡിനെപ്പോലെ കാര്യബോധത്തോടെ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന രീതിയില്‍ ബോര്‍ഡ് മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവജ്യോത് സിദ്ദുവിനെപ്പോലെ ആക്രമണ ശൈലി സ്വീകരിക്കരുതെന്നും രഘുറാം രാജന്‍ ഓര്‍മ്മിപ്പിച്ചു. കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ്വ് ബാങ്കുമായുള്ള പ്രശ്നങ്ങള്‍ ഒട്ടും ആശാസ്യമല്ല. ഒരു ഗവര്‍ണറെയോ ഡപ്യൂട്ടി ഗവര്‍ണറെയോ നിയമിച്ചുകഴിഞ്ഞാല്‍ അവര്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഇരുവരും പരസ്പര ബഹുമാനത്തോടെ പെരുമാറിയാല്‍ തീര്‍ക്കാവുന്ന പ്രശ്നമേ ഇരുകൂട്ടര്‍ക്കുമിടയില്‍ ഉള്ളൂ എന്നും രഘുറാം രാജന്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version