പെണ്‍കടുവയുടെ കൊല; പോഷകക്കുറവു മൂലം കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ മനേകാ ഗാന്ധി രാജിവെക്കണമെന്ന് മഹാരാഷ്ട്ര വനംവകുപ്പു മന്ത്രി

മുംബൈ: അവനി എന്ന പെണ്‍കടുവയെ മഹാരാഷ്ട്രയില്‍ കഴിഞ്ഞയാഴ്ച വെടിവച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന വനംവകുപ്പു മന്ത്രി സുധീര്‍ മുന്‍ഗംടിവാറും കേന്ദ്രമന്ത്രി മനേകാ ഗാന്ധിയും തമ്മില്‍ കനത്ത വാക്‌പോര്. അവനി ദാരുണമായി കൊലചെയ്യപ്പെട്ടുവെന്നും സംസ്ഥാന വനവകുപ്പു മന്ത്രി സുധീര്‍ മുന്‍ഗംടിവാര്‍ രാജിവയ്ക്കണമെന്നും മനേക ആവശ്യപ്പെട്ടിരുന്നു.

ഇതോടെയാണ് മനേകയ്‌ക്കെതിരെ മന്ത്രി സുധീര്‍ മുന്‍ഗംടിവാര്‍ രംഗത്തെത്തിയിരിക്കുന്നത്.

‘കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പുമന്ത്രി എന്റെ രാജി ആവശ്യപ്പെട്ടു. എന്നാല്‍ നരഭോജിക്കടുവയെ വധിച്ചതില്‍ എനിക്ക് പങ്കില്ല. യാതൊരു പങ്കുമില്ലാത്ത വിഷയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഞാന്‍ രാജിവയ്ക്കണമെങ്കില്‍, ആദ്യം കേന്ദ്രമന്ത്രി(മനേകാ ഗാന്ധി) ഒരു ഉദാഹരണം സൃഷ്ടിക്കട്ടെ. തന്റെ കാലയളവില്‍ രാജ്യത്ത് പോഷകാഹരക്കുറവു മൂലം മരിച്ച കുട്ടികളുടെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മനേക ഗാന്ധി രാജിവയ്ക്കട്ടെ’- എന്നാണ് സുധീര്‍ ഒരു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞത്.

പതിമൂന്നുപേരെ കൊലപ്പെടുത്തിയെന്നു കരുതുന്ന അവനിയെന്ന കടുവയെ യവത്മാലില്‍ നവംബര്‍ രണ്ടിനാണ് വെടിവച്ചു കൊന്നത്. കടുവയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ടതിന് മഹാരാഷ്ട്ര സര്‍ക്കാരിനെയും മനേക വിമര്‍ശിച്ചിരുന്നു.

Exit mobile version