യാത്രയ്ക്കിടെ മടിച്ച് മടിച്ച് നോമ്പ് തുറക്കാന്‍ ഒരു ബോട്ടില്‍ വെള്ളം ചോദിച്ചു; വെള്ളം മാത്രമല്ല, ഗംഭീര ഇഫ്താര്‍ ഒരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസ്; മനസുനിറയ്ക്കുന്ന കുറിപ്പുമായി മാധ്യമപ്രവര്‍ത്തകന്‍

ക്യാബിന്‍ ക്രൂവിന്റെ അടുത്ത് ചെന്ന് താന്‍ വെള്ളം ചോദിച്ചു, നോമ്പായതിനാല്‍ ഒരു ബോട്ടില്‍ കൂടി ചോദിച്ചു. എന്നാല്‍

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ നോമ്പ് തുറക്കാന്‍ ഒരു ബോട്ടില്‍ വെള്ളം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഞെട്ടിച്ച് എയര്‍ഹോസ്റ്റസിന്റെ നന്മ. എയര്‍ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസായ മഞ്ജുളയുടെ സത്പ്രവര്‍ത്തിയാണ് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പിലൂടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നോമ്പ് തുറക്കാന്‍ ഒരു കുപ്പി വെള്ളം ചോദിച്ചയാള്‍ക്ക് ഇഫ്താര്‍ വിരുന്ന് തന്നെ സമ്മാനിക്കുകയായിരുന്നു മഞ്ജുള.

ഗോരഖ്പൂരില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ബിബിസിയിലെ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ റിഫാത്ത് ജാവെയ്ദിന് വ്യത്യസ്തമായ അനുഭവമുണ്ടായത്. ട്വിറ്ററിലൂടെയാണ് റിഫാത്ത് അനുഭവം പങ്കുവെച്ചത്.

‘നോമ്പ് തുറക്കാനായി ക്യാബിന്‍ ക്രൂവിന്റെ അടുത്ത് ചെന്ന് താന്‍ വെള്ളം ചോദിച്ചു, നോമ്പായതിനാല്‍ ഒരു ബോട്ടില്‍ കൂടി ചോദിച്ചു. എന്നാല്‍ എന്തിനാണ് സീറ്റില്‍ നിന്ന് താങ്കള്‍ എഴുന്നേറ്റ് വന്നതെന്നായിരുന്നു എയര്‍ഹോസ്റ്റസിന്റെ മറുപടി. തിരികെ മടങ്ങി സീറ്റിലെത്തി ഇരിക്കുമ്പോള്‍ വെള്ളം മാത്രം ആവശ്യപ്പെട്ട എനിക്ക് മഞ്ജുള എന്ന എയര്‍ഹോസ്റ്റസ് നല്‍കിയത് സാന്‍ഡ് വിച്ചുകള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ആയിരുന്നു. ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കരുതെന്നും അവര്‍ പുഞ്ചിരിയോടെ പറഞ്ഞാണ് മടങ്ങി പോയത്.’ റിഫാത്ത് കുറിച്ചു.

ഏതായാലും എയര്‍ഹോസ്റ്റസിന്റെ നന്മയ്ക്ക് നന്ദി പറയുകയാണ് സോഷ്യല്‍മീഡിയ. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നിന്ന് ഇങ്ങനെ ഒരു അനുഭവം കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, കേട്ടപ്പോള്‍ സന്തോഷമായെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Exit mobile version