എന്‍ഡിഎയ്ക്ക് വന്‍വിജയമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിച്ചതോടെ മതി മറന്ന് ബിജെപി; അമിത് ഷാ നേതാക്കളുടെ യോഗം വിളിച്ചു; അത്താഴവിരുന്നും ഒരുക്കും!

തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനു രണ്ടുദിവസംമുമ്പേ പാര്‍ട്ടി എന്‍ഡിഎ നേതാക്കളുടെ യോഗം ഡല്‍ഹിയിലാണ് വിളിച്ചു ചേര്‍ക്കുന്നത്.

ന്യൂഡല്‍ഹി: പുറത്തുവന്ന പ്രധാനപ്പെട്ട 14 എക്‌സിറ്റ് പോളുകളില്‍ പന്ത്രണ്ടും എന്‍ഡിഎ മുന്നണി തന്നെ വീണ്ടും ഭരണത്തില്‍ വരുമെന്ന പ്രവചനത്തിന് പിന്നാലെ ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി യോഗം ചേരാന്‍ തീരുമാനിച്ച് ബിജെപി നേതൃത്വം. തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനു രണ്ടുദിവസംമുമ്പേ പാര്‍ട്ടി ചൊവ്വാഴ്ച വൈകീട്ട് എന്‍ഡിഎ നേതാക്കളുടെ യോഗം ഡല്‍ഹിയിലാണ് വിളിച്ചു ചേര്‍ക്കുന്നത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിളിച്ചിരിക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പങ്കെടുക്കും. നേതാക്കള്‍ക്ക് അമിത് ഷായുടെ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. രാം വിലാസ് പാസ്വാന്‍ (എന്‍ജെപി), ഉദ്ധവ് താക്കറെ (ശിവസേന) എന്നിവരുള്‍പ്പടെയുള്ളവര്‍ യോഗത്തിനെത്തുമെന്നാണ് സൂചന. കേരളത്തില്‍നിന്ന് എന്‍ഡിഎ അംഗമായ കേരളാ കോണ്‍ഗ്രസ് നേതാവ് പിസി തോമസ് പങ്കെടുക്കും.

എക്‌സിറ്റ് പോള്‍ ഫലം, വോട്ടണ്ണലിനുള്ള തയ്യാറെടുപ്പുകള്‍, സഖ്യവിപുലീകരണം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. നേരത്തെ മോഡിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി മുന്നൂറിലേറെ സീറ്റു നേടുമെന്നും എന്‍ഡിഎ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎയില്‍ നിലവിലുള്ള കക്ഷികളായിരിക്കും സര്‍ക്കാര്‍ രൂപവത്കരണത്തില്‍ പങ്കാളികളാവുക. ബിജെപിയുടെ അജണ്ടയോട് യോജിപ്പുള്ള ആര്‍ക്കും എന്‍ഡിഎയിലേക്കു വരാമെന്നു ഷാ പറഞ്ഞിരുന്നു. എന്‍ഡിഎയില്‍ ചെറിയകക്ഷികളുള്‍പ്പെടെ 41 പാര്‍ട്ടികളാണുള്ളത്. പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്താതെതന്നെ ഭരണംപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

Exit mobile version