‘ധ്യാനത്തിലിരിക്കുന്ന ആള്‍ക്കെന്തിനാണ് ക്ലോത്ത് ഹാങ്ങേഴ്സ്’; മോഡിയുടെ ധ്യാനത്തില്‍ സംശയം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ

കേദാര്‍നാഥിലെ രുദ്ര ഗുഹയില്‍ മോഡി ഒരു രാത്രി മുഴുവന്‍ ധ്യാനത്തിലിരിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം

കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേദാര്‍നാഥിലെ ധ്യാനത്തില്‍ സംശയം പ്രകടപ്പിച്ച് സോഷ്യല്‍ മീഡിയ. കേദാര്‍നാഥിലെ രുദ്ര ഗുഹയില്‍ മോഡി ഒരു രാത്രി മുഴുവന്‍ ധ്യാനത്തിലിരിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഈ കാര്യത്തിലാണ് സോഷ്യല്‍ മീഡിയ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോഡിയ്ക്ക് കിടന്നുറങ്ങാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ചിത്രത്തിലെ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ കേദാര്‍നാഥില്‍ ധ്യാനത്തിലിരിക്കുന്ന മോഡിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വെളുത്ത ഷീറ്റ് വിരിച്ച കട്ടിലിന്റെ ഒരറ്റത്ത് കണ്ണടവെച്ച് കണ്ണടച്ചിരിക്കുന്ന മോഡിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതിന് പുറമെ ഗുഹയുടെ ഒരു ഭാഗത്തായി വസ്ത്രങ്ങള്‍ ഊരിവെക്കാനുള്ള ഹാങ്ങര്‍ ഘടിപ്പിച്ചതായും കാണാം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സംശയം ഉന്നയിക്കുന്നത്.


‘മോഡി രാത്രി മുഴുവന്‍ ധ്യാനമിരിക്കുകയാണെന്ന് തന്നെ കരുതാം. പിന്നെന്തിനാണ് നീളമുള്ള കട്ടില്‍? ഭക്തരേ അല്പം ചിന്തിച്ചു നോക്കൂ’ എന്നാണ് ഗിരീഷ് എച്ച് എന്ന ആള്‍ ട്വിറ്ററിലൂടെ ചോദിക്കുന്നത്. ‘അദ്ദേഹത്തിന് കിടന്നുറങ്ങാന്‍ കിടക്കയുണ്ട്, വസ്ത്രങ്ങള്‍ ഊരിവെക്കാന്‍ ഹാങ്ങറുണ്ട്. ഉള്ളില്‍ ക്യാമറ അനുവദിച്ചിട്ടില്ല’ എന്നും ഗിരീഷ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം മോഡിയുടെ ഈ ധ്യാനത്തെ ‘മോഡിറ്റേറ്റ്’ എന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്. ‘സ്വന്തം ആത്മാവിനെ കണ്ടെത്താന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതൊക്കെയാണ്, ഗ്ലാസ് ധരിക്കണം. പിന്നെ കോട്ട് ഹാങ്ങറുകളും കിടക്കയും തലയിണയുമുള്ള ഗുഹയില്‍ ‘മോഡിറ്റേറ്റ്’ ചെയ്യണം’ എന്നാണ് ട്വിറ്ററില്‍ വന്ന മറ്റൊരു പ്രതികരണം. ‘ധ്യാനത്തിലിരിക്കുന്ന ആള്‍ക്കെന്തിനാണ് ക്ലോത്ത് ഹാങ്ങേഴ്സ്’ എന്നും ചിലര്‍ ട്വിറ്ററില്‍ ചോദിക്കുന്നുണ്ട്.


Exit mobile version