വളര്‍ത്തുനായയുമായി കേദാര്‍നാഥിലെത്തി : വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി ക്ഷേത്രം അധികൃതര്‍

ഡെറാഡൂണ്‍ : കേദാര്‍നാഥ് ക്ഷേത്രത്തില്‍ വളര്‍ത്തുനായയുമായെത്തിയ വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി ക്ഷേത്രം അധികൃതര്‍. വ്‌ളോഗറുടെ പ്രവൃത്തിക്ക് ഭക്തിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതി.

കഴിഞ്ഞ ദിവസമാണ് നോയിഡയില്‍ നിന്നുള്ള വ്‌ളോഗറായ രാഹുല്‍ ത്യാഗി നായയുമായി ക്ഷേത്രത്തിലെത്തിയത്. സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ തന്നെ പങ്കുവെച്ച ചിത്രങ്ങളില്‍ നായ വിഗ്രഹങ്ങളില്‍ നമസ്‌കരിക്കുന്നതും രാഹുല്‍ പുരോഹിതനെക്കൊണ്ട് നായയുടെ നെറ്റിയില്‍ തിലകം അണിയിക്കുന്നതും കാണാം. ഇതിനെതിരെയാണ് ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്രക്കമ്മിറ്റി(ബികെടിസി) പോലീസില്‍ പരാതി നല്‍കിയത്.

ഇതിന് ഭക്തിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്തരം പ്രവൃത്തികള്‍ വളരെ ആദരണീയമായ ആരാധനാലയത്തിന്റെ പവിത്രത ലംഘിക്കുന്നതാണെന്നും ബികെടിസി പ്രസിഡന്റ് അജേന്ദ്ര അജയ് ആരോപിച്ചു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരുകയാണെന്നും വീഡിയോയുടെ ആധികാരികത വെളിപ്പെടേണ്ടതുണ്ടെന്നും രുദ്രപ്രയാഗ് എസ്പി ആയുഷ് അഗര്‍വാള്‍ അറിയിച്ചു.

അതേസമയം തെറ്റൊന്നും ചെയ്തതായി തോന്നുന്നില്ലെന്നാണ് രാഹുല്‍ സംഭവത്തോട് പ്രതികരിച്ചത്. “സ്വിമ്മിംഗ് പൂളില്‍ പോയാല്‍ പോലും ആളുകള്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന കാലമാണ്. വളര്‍ത്തുനായയോടൊപ്പം 220 കി.മീ ട്രെക്ക് ചെയ്താണ് കേദാര്‍നാഥിലെത്തിയത്. യാത്രയുടെ വീഡിയോ പോസ്റ്റ് ചെയ്തതില്‍ ഒരു തെറ്റും തോന്നുന്നില്ല”. രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു.

Exit mobile version