കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ദേവ ഗൗഡ; രാഹുല്‍ തന്നെ പ്രധാനമന്ത്രിയെന്ന് കുമാരസ്വാമി; ശക്തമായ പിന്തുണയുമായി ജെഡിഎസ്

ഫലം പുറത്തു വന്നശേഷം രാജ്യത്തിന്റെ കൃത്യമായ രാഷ്ട്രീയ ചിത്രം ലഭിക്കുമെന്നും പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പമുണ്ടാകുമെന്നും

ബംഗളൂരു: ജെഡിഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനൊപ്പമെന്ന് ആവര്‍ത്തിച്ച് രംഗത്ത്. ജെഡിഎസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നശേഷം രാജ്യത്തിന്റെ കൃത്യമായ രാഷ്ട്രീയ ചിത്രം ലഭിക്കുമെന്നും പാര്‍ട്ടി കോണ്‍ഗ്രസിനൊപ്പമുണ്ടാകുമെന്നും വീണ്ടും മാധ്യമങ്ങളോട് പറഞ്ഞത്. രാഹുല്‍ പ്രധാനമന്ത്രിയാകുന്നതിനെ ജെഡിഎസ് പിന്തുണയ്ക്കുമെന്നു നേരത്തെ തന്നെ ദേവഗൗഡയുടെ മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ കുമാരസ്വാമിയും വ്യക്തമാക്കിയിരുന്നു.

‘കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം വലിയ വിജയം സ്വന്തമാക്കും ഞങ്ങള്‍ കോണ്‍ഗ്രസിന് ഒപ്പമാണ്. മേയ് 23 ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം വ്യക്തമാകും. അതിന് ശേഷം കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനങ്ങളുണ്ടാകും. പതിനെട്ടോ പത്തൊമ്പതോ സീറ്റുകളില്‍ സഖ്യസ്ഥാനാര്‍ത്ഥികള്‍ വിജയിക്കും’. ഒരു പ്രാദേശിക പാര്‍ട്ടിക്കും ദേശീയ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ കേന്ദ്രത്തില്‍ ഗവണ്‍മെന്റ് ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും ദേവഗൗഡ പറഞ്ഞു.

സംസ്ഥാനത്തെ 28 ലോക്‌സഭാമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 21 മണ്ഡലങ്ങളിലും ജെഡിഎസ് 7 മണ്ഡലങ്ങളിലുമാണ് മത്സരിച്ചത്. മേയ് 23 നാണ് ഫലപ്രഖ്യാപനം.

Exit mobile version