പരിഹാസം ഉയര്‍ന്നതിന് പിന്നാലെ ക്യാമറകണ്ണുകളെ ഒഴിവാക്കി!; നാളെ രാവിലെ വരെ മോഡി ഏകാകിയായി ധ്യാനം ഇരിക്കും

കേദാര്‍നാഥ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കേ ഏകാന്തവാസവും ധ്യാനവും നടത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയിലാണ് മോഡിയുടെ ഏകാന്ത ധ്യാനം. മോഡി നാളെ രാവിലെ വരെ ഇവിടെ ഏകാന്ത ധ്യാനം നടത്തുമെന്നാണ് അറിയിച്ചിട്ടുളളത്. കൂടെയെത്തിയ ക്യാമറാകണ്ണുകളെയെല്ലാം മടക്കി അയച്ചതായിട്ടാണ് സൂചന.

നേരത്തെ ഒരു മണിക്കൂര്‍ ധ്യാനം എന്നായിരുന്നു അറിയിപ്പ്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അതെസമയം മോഡിയുടെ ഏകാന്ത ധ്യാനത്തിനെതിരെ പരിഹാസവും ഉയരുന്നുണ്ട്. ക്യാമറാമാനൊപ്പം ഗുഹയ്ക്കുള്ളില്‍ കയറി ധ്യാനിക്കുന്ന മോഡിയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനെ പരിഹസിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് ക്യാമറ കണ്ണുകളെ മോഡി ഒഴിവാക്കിയത്.

സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. പരിസരം മുഴുവന്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നാളെ ഡല്‍ഹിയിലേക്ക് തിരിക്കും മുന്‍പ് ബദരീനാഥും സന്ദര്‍ശിക്കുമെന്ന് അറിയിപ്പുണ്ട്.

Exit mobile version