ചിത്രങ്ങള്‍ പകര്‍ത്താന്‍ ആളില്ലാതെ എങ്ങനെയാ? കേദാര്‍നാഥിലെ ഗുഹയില്‍ ‘ഒറ്റയ്ക്ക്’ തപസിരുന്ന് മോഡി; ഒപ്പം കൂട്ടിന് ക്യാമറാമാനും!

കേദാര്‍നാഥ് ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ സമീപത്തെ ഗുഹയില്‍ തപസിരിക്കുകയും ചെയ്തു.

ഡെറാഡൂണ്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയം നുകരാനായി പ്രാര്‍ത്ഥനയും വഴിപാടുകളുമായി തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ട് ദിവസത്തെ തീര്‍ത്ഥാടനത്തിനായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ സമീപത്തെ ഗുഹയില്‍ തപസിരിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീളുന്ന തപസില്‍ ഒറ്റയ്ക്കാണ് മോഡി ഗുഹയില്‍ കഴിയുക എന്നായിരുന്നു വിവരം. എന്നാല്‍ ഒറ്റയ്ക്ക് പോയാല്‍ ചിത്രങ്ങളാരെടുക്കും എന്ന സംശയത്തിലാകും, ഒപ്പം ക്യാമറമാനെയും ഗുഹയിലേക്ക് കൂട്ടിയിട്ടുണ്ട് മോഡി. ഗുഹയില്‍ മോഡി തപസിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് ഒറ്റയ്ക്ക് തസിരിക്കുന്ന മോഡിക്ക് കൂട്ടായി ക്യാമറമാനുമുണ്ടെന്ന് വ്യക്തമായത്. ഇതോടെ സോഷ്യല്‍മീഡിയയിലും പൊട്ടിച്ചിരി ഉയരുകയാണ്.

ഗുഹയ്ക്കുള്ളില്‍ സെറ്റ് ചെയ്ത കട്ടിലിന് മുകളില്‍ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോഡിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. നാളെ പുലര്‍ച്ചെ വരെയാണ് മോഡിയുടെ ധ്യാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്തേക്ക് മറ്റ് ക്യാമറകള്‍ക്ക് പ്രവേശനമില്ല. അതിനാല്‍ ചിത്രങ്ങളെടുക്കാന്‍ മോഡി തന്നെ ക്യാമറമാനെയും ഒപ്പം കൂട്ടുകയായിരുന്നെന്ന് സോഷ്യല്‍മീഡിയ പറയുന്നു.

നേരത്തെ, സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം കുടചൂടിപ്പിച്ചിടിച്ച് മുഴുനീള വസ്ത്രം ധരിച്ച് കേദാര്‍നാഥിലേക്ക് മലകയറുന്ന മോഡിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

നാളെ നടക്കുന്ന അന്തിമ ഘട്ട തെരഞ്ഞെടുപ്പിന് മുന്‍പെയാണ് പ്രചാരണപരിപാടികള്‍ അവസാനിപ്പിച്ച് ഇന്ന് പുലര്‍ച്ചയോടെ പ്രധാനമന്ത്രി ജോളിഗ്രാന്തി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് നേരെ ക്ഷേത്രത്തിലെത്തിയ മോഡി അവിടെ പൂജകള്‍ നടത്തി. കേദാര്‍നാഥിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. ഇത് നാലാം തവണയാണ് മോഡി കേദാര്‍നാഥ് സന്ദര്‍ശനം നടത്തുന്നത്. കേദാര്‍നാഥിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ പുലര്‍ച്ചയോടെയാകും അദ്ദേഹം ബദ്രിനാഥിലേക്ക് തിരിക്കും. കനത്തസുരക്ഷയാണ് ഇവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

Exit mobile version