വോട്ടെണ്ണല്‍ ദിവസം വന്‍ തീവ്രവാദ ആക്രമണത്തിന് സാധ്യത; ഇന്റലിജന്‍സ് മുന്നറിയിപ്പ്

ശ്രീനഗര്‍: വോട്ടെണ്ണല്‍ ദിവസം രാജ്യത്ത് തീവ്രവാദ സംഘങ്ങള്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ വോട്ടെണ്ണല്‍ ദിവസമായ 23-ാം തീയതി ആക്രമണം നടത്തുമെന്നാണ് ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ശ്രീനഗറിലെയും അവന്തിപോറയിലെയും എയര്‍ഫോഴ്‌സ് ബേസുകളാണ് തീവ്രവാദ സംഘങ്ങള്‍ ആക്രമണത്തിനായി ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ചിത്രത്തില്‍ നിന്നാണ് ആക്രമണത്തിന്റെ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ചിത്രത്തിലെ ഭൂപടവും രേഖകളും വിലയിരുത്തിയപ്പോള്‍ ആക്രമണം ശ്രീനഗറിലോ അവന്തിപോറയിലോ ആകാനാണ് സാധ്യതയെന്ന് കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മേയ് 14-ന് പുല്‍വാമയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് റിയാസ് നായ്കൂവും രണ്ട് ജെയ്‌ഷെ മുഹമ്മജ് ഭീകരരും ലഷ്‌കറെ തൊയ്ബ ഭീകരനായ റിയാസ് ധറും നടത്തിയ രഹസ്യകൂടിക്കാഴ്ചയില്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നു. അവന്തിപോറയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ഭീകരന്‍ റിസ്വാന്‍ ആസ്സാദിന്റെ മരണത്തിന് പ്രതികാരം വീട്ടുക എന്ന ലക്ഷ്യം കൂടി ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അവന്തിപോറയിലെ ദേശീയപാതയിലോ ജില്ലാ പോലീസ് ആസ്ഥാനത്തോ ആക്രമണം ഉണ്ടായേക്കാം. ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും ചേര്‍ന്ന് നടത്തിയ ഏറ്റുവുട്ടലില്‍ ആറ് ഭീകരരെ വധിച്ചതിന് പിന്നാലെയാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

Exit mobile version