ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഭീകരാക്രമണം : പ്രിന്‍സിപ്പലിനെയും അധ്യാപകനെയും കൊലപ്പെടുത്തി

ശ്രീനഗര്‍ : ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് അധ്യാപകരെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്.

സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെയാണ് ഭീകരാക്രമണമുണ്ടായത്. സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശ്രീനഗറില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയെയും വഴിയോര കച്ചവടക്കാരനെയും കാര്‍ ഡ്രൈവറെയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.ആക്രമണത്തെത്തുടര്‍ന്ന് സംഭവസ്ഥലത്ത് സൈന്യം സുരക്ഷ ശക്തമാക്കി. ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ സുരക്ഷാ സേന തുടരുകയാണ്.

Exit mobile version