മണിപ്പൂര്‍ ആക്രമണം : ഉത്തരവാദിത്തം ഏറ്റെടുത്ത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും പീപ്പിള്‍സ് ഫ്രണ്ടും

ന്യൂഡല്‍ഹി : മണിപ്പൂര്‍ ചുരാചന്ദ്പൂരില്‍ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മണിപ്പൂര്‍ നാഗ പീപ്പിള്‍സ് ഫ്രണ്ടും(എംഎന്‍പിഎഫ്) ഏറ്റെടുത്തു. സ്വന്തം ആളുകളെ സംരക്ഷിക്കുന്നതിനാണ് ആക്രമണം നടത്തിയതെന്നാണ് ഇരു സംഘടനകളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു ആക്രമണം. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ചുരാചന്ദ്പുരില്‍ സൈനിക ക്യാംപ് സന്ദര്‍ശിച്ചു മടങ്ങിയ അസം റൈഫിള്‍ ഓഫിസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും അടങ്ങുന്ന സംഘത്തെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ കേണലും നാല് സൈനികരും വീരമൃത്യു വരിച്ചിരുന്നു. കേണലിന്റെ ഭാര്യയും നാല് വയസ്സുള്ള മകനും സംഭവത്തില്‍ കൊല്ലപ്പെട്ടു.

ഭൂമിയുടെയും ജനങ്ങളുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരായ പ്രക്ഷോഭമാണിതെന്നാണ് സംഘടനകള്‍ അവകാശപ്പെടുന്നത്. അവകാശങ്ങള്‍ തിരികെ ലഭിക്കും വരെ തങ്ങള്‍ അടങ്ങിയിരിക്കില്ലെന്ന് ഇരു കൂട്ടരും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. മണിപ്പൂരിനെ സ്വതന്ത്രമാക്കി ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 1978ലാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രൂപീകരിച്ചത്.

Exit mobile version