മരിച്ച വയോധികയ്ക്ക് മോര്‍ച്ചറിയില്‍ പുനര്‍ജന്മം: ബന്ധുക്കള്‍ സ്വര്‍ണാഭരണങ്ങള്‍ എടുക്കുന്നതിനിടെ കണ്ണുതുറന്നു, ഞെട്ടല്‍

ചണ്ഡീഗഢ്: ഡോക്ടര്‍മാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയ അറുപത്തിയഞ്ചുകാരിയ്ക്ക് പുനര്‍ജന്മം. പഞ്ചാബിലെ കപൂര്‍ത്തലയിലെ ആശുപത്രിയിലാണ് അപൂര്‍വ്വ സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 65-കാരി മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുടെ മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയിരുന്നു.

ഇതിനിടെ ബന്ധുക്കള്‍ ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ എടുക്കാനായി മോര്‍ച്ചറിയിലെത്തി. തുടര്‍ന്ന് ഫ്രീസര്‍ തുറന്ന് ആഭരണങ്ങള്‍ എടുക്കുന്നതിനിടെയാണ് സ്ത്രീയ്ക്ക് ശ്വാസമുണ്ടെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചു.

തുടര്‍ന്ന് ഡോക്ടര്‍ വയോധികയെ പരിശോധിക്കുകയും ശ്വാസമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീയുടെ മുഖത്ത് വെള്ളം തളിച്ചപ്പോള്‍ അവര്‍ കണ്ണുകള്‍ തുറന്നു. ഉടന്‍തന്നെ അല്പം വെള്ളം കുടിക്കുകയും ചെയ്തു. വയോധിക മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതര്‍ ഇവരെ ബന്ധുക്കളോടൊപ്പം വിട്ടു.

എന്നാല്‍, വീട്ടിലെത്തിയതിന് പിന്നാലെ സ്ത്രീയുടെ ആരോഗ്യനില വീണ്ടും മോശമാവുകയും കപൂര്‍ത്തല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയ്ക്കിടെ ബുധനാഴ്ച രാവിലെയോടെ ഇവര്‍ മരിച്ചു. അതേസമയം, സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം.

Exit mobile version