കൊടും ചൂടിനിടെ കൊലയാളിയായി എസികള്‍; ഇത്തവണ കവര്‍ന്നത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകള്‍; അപകടം എസി പൊട്ടിത്തെറിച്ച്

ബുധനാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ അച്ഛനും അമ്മയും മകനുമാണ് മരിച്ചത്.

ചെന്നൈ: വീണ്ടും എസി പൊട്ടിത്തെറിച്ച് അപകടം. ചെന്നൈയില്‍ എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെന്തുമരിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് എസി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വിഴുപുരം ദിണ്ഡിവനത്തിനടുത്ത് ബുധനാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ അച്ഛനും അമ്മയും മകനുമാണ് മരിച്ചത്. കാവേരിപ്പാക്കം സ്വദേശി കെ രാജി (57), ഭാര്യ കല (52), മകന്‍ ഗൗതം (24) എന്നിവരാണ് മരിച്ചത്.

കടുത്ത ചൂടായിരുന്നതിനാല്‍ രാത്രി എസി പ്രവര്‍ത്തിപ്പിച്ചാണ് കുടുംബം ഉറങ്ങാന്‍ കിടന്നത്. രാത്രിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് എസി പൊട്ടിത്തെറിക്കുകയും കുടുംബം വെന്ത് മരിക്കുകയുമായിരുന്നു. എസി പൊട്ടിത്തെറിക്കുന്നതോടെ പുറത്തവരുന്ന വിഷവാതകം ശ്വസിച്ച് മയങ്ങുകയും രക്ഷപ്പെടാനാകാതെ ശരീരം തളരുന്നതോടെയുമാണ് മനുഷ്യരുടെ ജീവനുകള്‍ എസികള്‍ കവരുന്നത്.

ഈ കുടുംബത്തിന്റെ ജീവനും എസി കവര്‍ന്നത് ഇത്തരത്തിലാണ്. വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു ഇവര്‍. മുറിയില്‍ തീ പടര്‍ന്ന് ശരീരം കത്തിയമര്‍ന്ന നിലയിലുമായിരുന്നു. അടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന രാജിയുടെ മൂത്ത മകന്‍ ഗോവര്‍ധനും ഭാര്യയും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

Exit mobile version