ക്യാമറ ചതിച്ചാശാനേ! മോഡിയുടെ ഈ അഭിമുഖവും എഴുതി തയ്യാറാക്കിയത്; തള്ളിനെതിരെ ട്രോളുകള്‍ ഉയരുന്നതിനിടെ തിരക്കഥയും പൊളിഞ്ഞ് നാണംകെട്ട് മോഡിയും ബിജെപിയും

മോഡിയുടെ പുതിയ വൈറല്‍ അഭിമുഖവും എഴുതി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണെന്ന റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുതിയ വൈറല്‍ അഭിമുഖവും എഴുതി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണെന്ന റിപ്പോര്‍ട്ട് പുറത്ത്. ന്യൂസ് നാഷന്‍ ചാനലിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കിയ അഭിമുഖത്തിനെതിരെയാണ് ഇപ്പോള്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്റര്‍വ്യൂവിലെ ചില ഭാഗങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തിയാല്‍ ഇതിലെ തിരക്കഥ വ്യക്തമാകുമെന്ന് ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളായ പ്രതിക് സിന്‍ഹ തെളിവുസഹിതം വാദിക്കുന്നു.

അഭിമുഖത്തിനു മുമ്പുതന്നെ ചോദ്യങ്ങള്‍ മോഡിക്ക് കൈമാറിയിരുന്നെന്നാണ് തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതു വ്യക്തമാകാനായി അഭിമുഖം കുറച്ചു വേഗത കുറച്ച് കണ്ടാല്‍ മാത്രം മതി. പ്രതീക് സിന്‍ഹ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയില്‍ എല്ലാ കള്ളവും പൊളിയുന്നുണ്ട്.

അഭിമുഖത്തില്‍ മോഡിയോട് അവതാരകനായ ദീപക് ചൗരസ്യ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എന്തെങ്കിലും എഴുതിയിരുന്നോയെന്ന് ചോദിക്കുന്നുണ്ട്. ഇതിനിടെ മോഡി കൈനീട്ടുകയും ആരോ അദ്ദേഹത്തിന് ഒരു ഫയല്‍ നല്‍കുകയും ചെയ്യുന്നു. കവിത കാണിക്കാമോയെന്ന് ചോദിച്ചപ്പോള്‍ തന്റെ കൈയ്യെഴുത്ത് മോശമാണെന്നു പറഞ്ഞ് മോഡി പേപ്പറുകള്‍ മറിക്കുന്നത് കാണാം. ഇതിനിടെ ഈ പേപ്പറുകളിലേക്ക് ന്യൂസ് നാഷന്‍സ് ക്യാമറ സൂം ചെയ്യുന്നുണ്ട്. ഇതില്‍ മോഡിയോട് അവതാരകന്‍ ചോദിച്ച അതേ ചോദ്യം പ്രിന്റു ചെയ്തതായി കാണാം.

തുടര്‍ന്ന് മോഡി ഈ പേപ്പര്‍ നോക്കി കവിത ചൊല്ലുന്നു. ഈ വേളയിലും അവതാരകന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ പേപ്പറില്‍ വ്യക്തമായി കാണാം. ഏതായാലും ഈ സംഭവവും സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇതോടെ വീണ്ടും മോഡിയും ബിജെപിയും നാണംകെട്ടിരിക്കുകയാണ്.

നേരത്തെ, ഇതേ അഭിമുഖത്തില്‍ ബലാക്കോട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട് താന്‍ വ്യോമസേനയ്ക്ക് നല്‍കിയ ഉപദേശത്തെ കുറിച്ചും 1987 കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നതായുള്ള അവകാശവാദത്തെ സംബന്ധിച്ചും പൊങ്ങച്ചം പറഞ്ഞ് മോഡി ട്രോളുകള്‍ ഏറ്റുവാങ്ങിയിരുന്നു.

Exit mobile version