സമര നായികയ്ക്ക് മാതൃദിനത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍! ഇറോം ഷര്‍മ്മിള ഇനി നിക്സ് ഷാഖിയുടേയും ഓട്ടം താരയുടേയും അമ്മ

ഒരുമിനുട്ടിന്റെ വ്യത്യാസത്തില്‍ പിറന്നുവീണ കുഞ്ഞുങ്ങള്‍ക്ക് നിക്സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.

ബംഗളൂരു: മണിപ്പൂരിലെ സൈന്യത്തിന്റെ പ്രത്യേക അധികാരങ്ങള്‍ക്കെതിരായി വര്‍ഷങ്ങളോളം നിരാഹാര സമരം നയിച്ച വിപ്ലവ നായിക ഇറോം ഷര്‍മ്മിള മാതൃദിനത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. പെണ്‍കുഞ്ഞുങ്ങളാണ് ജനിച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബംഗളൂരുവിലെ ക്ലൗഡ് നയന്‍ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 9.21ഓടെയാണ് 46കാരിയായ ഇറോമിന് ഇരട്ടക്കുട്ടികള്‍ പിറന്നത്. ഒരുമിനുട്ടിന്റെ വ്യത്യാസത്തില്‍ പിറന്നുവീണ കുഞ്ഞുങ്ങള്‍ക്ക് നിക്സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.

സിസേറിയനായതിനാല്‍ ഇറോമിന് ചെറിയ അസ്വസ്ഥതകള്‍ ഉണ്ടെന്നും കുഞ്ഞുങ്ങളുടെയും അമ്മയുടെയും ചിത്രം ഉടന്‍ പുറത്തുവിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അടുത്തയാഴ്ചയായിരുന്നു പ്രസവത്തിന്റെ തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍, മാതൃദിനത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ പിറന്നത് ഏറെ യാദൃശ്ചികമാണെന്നും ഇറോമിന്റെ ഡോക്ടര്‍ ശ്രീപാദ വിനേകര്‍ പറഞ്ഞു. ഇറോമും ഭര്‍ത്താവ് ഡെസ്മോണ്ട് കുടിഞ്ഞോയും ഏറെ സന്തോഷത്തിലാണെന്നും ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്.

മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരേ വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സമരം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം, 2017ലാണ് സമരം അവസാനിപ്പിച്ചത്. 2000 നവംബര്‍ രണ്ട് മുതല്‍ 16 വര്‍ഷം നീണ്ട നിരാഹാര സമരം തുടര്‍ന്നിട്ടും ഭരണ കൂടം അനുകൂലമായി പ്രതികരിക്കാത്തതില്‍ നിരാശയായാണ് ഇറോം സമരം അവസാനിപ്പിച്ച് വ്യക്തി ജീവിതത്തിന് പ്രധാന്യം നല്‍കാന്‍ തീരുമാനിച്ചത്. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ചാനു ഷര്‍മ്മിള 2017ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം ചെയ്തത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Exit mobile version