രാജ്യത്തെ ദരിദ്രരുടെ ജാതിയാണ് തന്റെയും ജാതി; പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളോട് മോഡി

പ്രധാനമന്ത്രി നരേന്ദ്രമോഡി ജാതി സംബന്ധമായ വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ജാതി സംബന്ധമായ വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത്. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ജാതിയാണ് തന്റെയും ജാതിയെന്ന് നരേന്ദ്ര മോഡി പ്രതിപക്ഷത്തിനോടുള്ള മറുപടിയായി പറഞ്ഞു. നേരത്തെ ബിഎസ്പി നേതാവ് മായാവതിയും തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും മോഡി സവര്‍ണ്ണ ജാതിക്കാരനാണെന്നും അദ്ദേഹത്തിന് അവര്‍ണ്ണരുടെ വേദന മനസിലാവില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് മോഡി ഉത്തര്‍പ്രദേശിലെ റാലിക്കിടയില്‍ ഈ വിഷയം എടുത്തിട്ട് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. ദരിദ്രര്‍ക്കുവേണ്ടി നടപ്പാക്കിയ പദ്ധതികള്‍ എണ്ണിപ്പറഞ്ഞായിരുന്നു മോഡിയുടെ പ്രസംഗം. കോണ്‍ഗ്രസിനേയും കടന്നാക്രമിക്കാന്‍ മോഡി മടിച്ചില്ല.

”ബിഎസ്പിയും മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് മുമ്പ് തട്ടിക്കൂട്ടിയ കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇന്റലിജന്‍സ് സംവിധാനം ദുര്‍ബലമായിരുന്നു. പിന്നീട് വാജ്‌പേയി സര്‍ക്കാരാണ് ഈ ഏജന്‍സികളുടെ എല്ലാം കരുത്തു വീണ്ടെടുത്തത്. ഉത്തര്‍പ്രദേശിനെയും അവര്‍ നശിപ്പിച്ചു. ഇപ്പോള്‍ ബിജെപി ഈ നാടിന്റെ അന്തസ്സ് വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്.”- മോഡി അവകാശപ്പെട്ടു. രാജസ്ഥാനിലെ ആല്‍വാറിലെ കൂട്ടമാനഭംഗക്കേസ് തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് ഒതുക്കാന്‍ ശ്രമിച്ചെന്നും മോഡി ആരോപിച്ചു.

Exit mobile version