ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ മറവില്‍ ബിജെപി നേതാക്കള്‍ പണം കടത്തുന്നു; പോലീസിനെയും ദുരുപയോഗം ചെയ്യുന്നു: മമതാ ബാനര്‍ജി

കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തെന്നും മമത ആരോപിക്കുന്നു.

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കാലത്ത് ഇസഡ് പ്ലസ് സുരക്ഷയുടെ മറവില്‍ ബിജെപി നേതാക്കള്‍ സൂക്ഷ്പരിശോധന ഒഴിവാക്കി സംസ്ഥാനത്തേക്ക് പണം കടത്തുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇപ്പോഴും ഇസഡ് പ്ലസ്, വൈ പ്ലസ്, ബിജെപി പ്ലസ് സുരക്ഷയുള്ള ബിജെപി നേതാക്കള്‍ അവരുടെ സുരക്ഷയുടെ മറവില്‍ പോലീസ് വാഹനത്തില്‍ പെട്ടികളിലടക്കി പണം കടത്തുകയാണെന്നാണ് മമതയുടെ ആരോപണം. കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തെന്നും മമത ആരോപിക്കുന്നു.

നേരത്തെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലികോപ്റ്ററില്‍ നിന്നും ഒരു പെട്ടി സുരക്ഷാപരിശോധനയില്‍ ഉള്‍പ്പെടുത്താതെ കടത്തുന്നതിന്റെ വീഡിയോ സോഷശ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ബംഗാളിലെ ചിത്രകൂടത്തിലായിരുന്നു സംഭവം. റാലിക്ക് എത്തിയ മോഡിയുടെ ഹെലികോപ്റ്ററില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു പെട്ടി എടുത്ത് സമീപത്ത് നിര്‍ത്തിയിട്ട കാറിലേക്കാണ് കൊണ്ടുപോയത്. ഈ സംഭവത്തോടെ ബിജെപി തെരഞ്ഞെടുപ്പിനിടെ അനധികൃതമായി പണം കടത്തുകയാണെന്ന ആരോപണമുയരുകയും ചെയ്തിരുന്നു. ഇതാണ് മമത ഇപ്പോള്‍ തന്റെ ആരോപണത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സാമൂഹിക വിരുദ്ധര്‍ക്ക് ബൂത്തുപിടിക്കാനായി ബിജെപി പണം നല്‍കി. അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. ഇത് തെരഞ്ഞെടുപ്പാണോ എന്നും മമത ചോദിച്ചു.

മാധ്യമങ്ങളോ തെരഞ്ഞെടുപ്പ് ഓഫീസറോ ഫോട്ടോകളെടുക്കുന്നത് പെരുമാറ്റച്ചട്ടത്തില്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രി ഉള്ളിടത്ത് എന്തുകൊണ്ടാണ് മാധ്യമങ്ങളേയോ തെരഞ്ഞെടുപ്പ് ഓഫീസറേയോ വിലക്കുന്നതെന്നും ഒരു പെട്ടിയുടെ ചിത്രം പുറത്തുവന്നു. ഇങ്ങനെ എത്രയെത്ര പെട്ടികള്‍ ബംഗാളിലേക്ക് ബിജെപി കൊണ്ടു വന്നിട്ടുണ്ടെന്നു ആര്‍ക്കറിയാമെന്നും മമത ചോദിക്കുന്നു. ഇതിനിടെ, കഴിഞ്ഞദിവസം, ബംഗാളിലെ ഗട്ടാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍നിന്ന് 1.13 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തിരുന്നു.

Exit mobile version