പെണ്‍കടുവയെ ട്രാക്റ്റര്‍ ഇടിച്ച് കൊന്ന സംഭവം; ഗ്രാമീണര്‍ അതിക്രൂരമായി ഉപദ്രവിച്ചു, നഖങ്ങളും മുന്‍പല്ലും ഊരിയെടുക്കാന്‍ ശ്രമിച്ചു

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ദുധ്വാ ടൈഗര്‍ റിസ്സര്‍വ്വില്‍ പെണ്‍കടുവയെ ട്രാക്റ്റര്‍ ഉപയോഗിച്ച് ഇടിച്ചു കൊന്നതിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട് പുറത്ത്. ഗ്രാമീണര്‍ കൊല്ലുന്നതിന് മുമ്പും ശേഷവും കടുവയെ അതിക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണര്‍ കൂട്ടം ചേര്‍ന്ന് ട്രാക്റ്റര്‍ ഉപയോഗിച്ച് ഇടിച്ചും ചതച്ചുമാണ് കടുവയെ കൊന്നതെന്ന് ടൈഗര്‍ റിസര്‍വ്വ് ഫീല്‍ഡ് ഡയറക്ടര്‍ രമേഷ് കുമാര്‍ പാണ്ഡെ വ്യക്തമാക്കി. സംഭവത്തില്‍ ആറ് പേരെയും കണ്ടാല്‍ തിരിച്ചറിയാവുന്നവരെയും ഉള്‍പ്പെടുത്തി വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.

കൊന്നു കഴിഞ്ഞതിന് ശേഷം കടുവയുടെ മുന്‍പല്ലും നഖങ്ങളും ഊരിയെടുക്കാന്‍ ഗ്രാമീണര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കിഷന്‍പൂര്‍ വന്യമൃഗസംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ചല്‍ത്തുവാ ഗ്രാമത്തില്‍ നിന്നുള്ളവരാണ് സംഭവത്തിലെ പ്രതികളെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കടുവയ്ക്ക് ഏകദേശം അഞ്ച് വയസ്സ് പ്രായമുണ്ട്.

ഗ്രാമവാസികളിലൊരാളെ ആക്രമിച്ചതിന് പ്രതികാരമെന്ന പോലെയാണ് ഗ്രാമവാസികള്‍ എല്ലാവരും ചേര്‍ന്ന് കടുവയെ അതിക്രൂരമായി കൊന്നുകളഞ്ഞതെന്ന് ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹാവീര്‍ കൗജിലഗ് വെളിപ്പെടുത്തിയിരുന്നു. അമ്പത് വയസ്സുള്ള ആളെയാണ് കടുവ ആക്രമിച്ചത്. പരിക്കേറ്റ വ്യക്തിയെ ഉടന്‍ തന്നെ ഹോസ്പിറ്റലിലെത്തിക്കാനുള്ള തിരക്കിലായിരുന്നു ഉദ്യോഗസ്ഥര്‍. അതേ സമയം ഗ്രാമവാസികള്‍ എല്ലാവരും സംഘം ചേരുകയും കടുവയെ ട്രാക്റ്റര്‍ കൊണ്ട് ഇടിച്ച് ചതച്ച് കൊല്ലുകയുമായിരുന്നു.

സംരക്ഷിത മേഖലയ്ക്കുള്ളില്‍ വച്ച് കടുവ ആക്രമിക്കപ്പെട്ടത് ഗുരുതരമായ കുറ്റകൃത്യമാണെന്നും വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. തങ്ങളുടെ സ്വാഭാവിക വാസസ്ഥലം നഷ്ടപ്പെടുമ്പോഴാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും ആക്രമിക്കുന്നതെന്ന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് വ്യക്തമാക്കുന്നു. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ മാനിക്കപ്പെടേണ്ടതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version