യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

മാല്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസിന്റെ എഞ്ചിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്.

റായ്ബറേലി: യുപിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു മരണം. റായ്ബറേലിയിലാണ് സംഭവം. നിരവധി പേര്‍ക്കു പരുക്കേറ്റു. റായ്ബറേലിയിലെ ഹര്‍ചന്ദ്പുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ബുധനാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം. മാല്‍ഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസിന്റെ എഞ്ചിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്.

ലഖ്‌നൗവില്‍ നിന്നും വാരാണസിയില്‍ നിന്നും ദുരന്തനിവാരണ സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി.

അപകടവിവരമറിഞ്ഞ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വിനി ലൊഹാനി റായ്ബറേലിയിലേക്കു തിരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികില്‍സാ സൗകര്യമൊരുക്കാനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

Exit mobile version