വെന്റിലേറ്റര്‍ നിലച്ചതിനെ തുടര്‍ന്ന് മൂന്ന് രോഗികള്‍ മരിച്ചതായി ആക്ഷേപം

ചെന്നൈ : വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ മരണപ്പെട്ടെന്ന പരാധിയുമായി ബന്ധുക്കള്‍. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

വെന്റിലേറ്ററിനെ ആശ്രയിച്ച രോഗികള്‍ ആശുപത്രിയിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്, അതേസമയം വൈദ്യുതി ബന്ധം നിലച്ചതും രോഗികളുടെ മരണവുമായി ബന്ധമില്ലെന്ന് ആശുപത്രി ഡീന്‍ ഡോ കെ കവിത അറിയിച്ചു.

ഇന്നലെ വൈകീട്ട് മധുരയില്‍ ഉണ്ടായ കാറ്റിനെയും മഴയെയും തുടര്‍ന്ന് 6.20 മുതല്‍ 7.20 വരെ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ഈ സമയത്താണു മധുര രാജാജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ശ്രീവില്ലിപുത്തൂര്‍ സ്വദേശി രവീന്ദ്രന്‍ ( 52), ഒറ്റച്ചത്തിരം സ്വദേശി പളനിയമ്മാള്‍ (60), മേലൂര്‍ സ്വദേശി മല്ലിക (58) എന്നിവര്‍ മരിച്ചത്.

വൈദ്യുതി ബന്ധം തടസ്സപ്പെട്ടപ്പോഴും ജനറേറ്ററുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരിച്ച മൂന്ന് പേരും അതീവഗുരുതരാവസ്ഥയില്‍ കഴിഞ്ഞവരായിരുന്നുവെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വീഴ്ചയില്‍ തലച്ചോറിനേറ്റ ഗുരുതര പരിക്കുമായാണു രവീന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. പളനിയമ്മാളുടെ തലയ്ക്കു ഗുരുതര പരിക്കുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി 9 ദിവസത്തെ ചികില്‍സയ്ക്കുശേഷവും ആരോഗ്യനിലയില്‍ മാറ്റമില്ലാതെയാണു മല്ലികയെ രാജാജിയിലെത്തിച്ചതെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു

Exit mobile version