ബൂത്ത് പിടിത്തവും അട്ടിമറിയുമായി ബിജെപി ; 168 ഇടത്ത് റീ പോളിങ്

ഇവിടങ്ങളില്‍ വ്യാപകമായി ബൂത്ത്പിടിത്തവും സംഘര്‍ഷവും നടന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ത്രിപുര ലോക്സഭാ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും അട്ടിമറിയും നടത്തിയതായി ആരോപണം. ഇതേ തുടര്‍ന്ന് 168 ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി, റീ പോളിങിന് ഉത്തരവിട്ടു. ഇവിടങ്ങളില്‍ വ്യാപകമായി ബൂത്ത്പിടിത്തവും സംഘര്‍ഷവും നടന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയത്. ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-ന് ഈ ബൂത്തുകളില്‍ റീ പോളിങ് നടത്തും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. തെരെഞ്ഞെടുപ്പിനിടെ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസും സിപിഐഎമ്മും തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

പരാതിക്ക് പിന്നാലെ മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, പ്രത്യേക നിരീക്ഷകന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് കമ്മീഷന്‍ റീ പോളിങ്ങിന് ഉത്തരവിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും വന്‍ കൃത്രിമത്വം നടന്നെന്ന പരാതിയുമായി സിപിഐഎംമാണ് ആദ്യം രംഗത്തെത്തിയത്.

ബൂത്തുകളില്‍ അട്ടിമറി നടന്നുവെന്നും മിക്ക ഇടങ്ങളിലും സുരക്ഷാസേന ഉണ്ടായിരുന്നില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. പോളിങ് കേന്ദ്രങ്ങളില്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്തെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗമാണെങ്കില്‍ അവരെ മര്‍ദ്ദിക്കുകയായിരുന്നെന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും 464 ബൂത്തുകളില്‍ റീ പോളിംഗ് നടത്തണമെന്നായിരുന്നു യെച്ചൂരി ആവശ്യപ്പെട്ടത്.

ആദ്യഘട്ടങ്ങളില്‍ നടന്നതുപോലുള്ള കൃത്രിമം തുടരുകയാണെങ്കില്‍ വരാനിരിക്കുന്ന ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Exit mobile version