ത്രിപുരയിൽ മുഖ്യമന്ത്രിയായി മണിക് സാഹ തുടരും; ഫലം വന്നതോടെ അക്രമം രൂക്ഷം; രണ്ട് ജില്ലകളിൽ നിരോധനാജ്ഞ

അഗർത്തല: ത്രിപുരയിൽ മുഖ്യമന്ത്രിയായി മണിക് സാഹ തന്നെ തുടരാൻ തീരുമാനം. ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. പാർട്ടി വിഷയങ്ങളെ തുടർന്ന് ബിപ്ലബ് ദേബ് കുമാറിന് പകരം 2022 ലാണ് മണിക് സാഹ മുഖ്യമന്ത്രിയായത്. തുടർന്നും മണിക് സാഹ മതിയെന്നാണ് ബിജെപി തീരുമാനം.

ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ. പ്രതിമ ഭൗമിക് മുഖ്യമന്ത്രിയാകുമെന്ന് നേരത്തേ സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ, തന്റെ മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും തെരഞ്ഞെടുപ്പിൽ ബിജെപിയെ നയിച്ച മാണിക് സാഹക്ക് തന്നെയായിരുന്നു മുൻതൂക്കം

കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് മണിക്ക് സാഹ. ഇതോടൊപ്പം, തെരഞ്ഞെടുപ്പിൽ ഗോത്രമേഖലകളിൽ വൻ വിജയം നേടിയ തിപ്ര മോതയെ ഒപ്പമെത്തിക്കാനുള്ള ചരടുവലികളും ബിജെപി നടത്തുന്നുണ്ട്.

ബഹുമാനത്തോടെയാണ് ക്ഷണമെങ്കിൽ ചർച്ചയിൽ സഹകരിക്കുമെന്ന് പ്രമോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ വ്യക്തമാക്കിയിരുന്നു. പദവികളല്ല പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിന് ഭരണഘടനപരമായ പരിഹാരമാണ് വേണ്ടതെന്നും പ്രത്യുദ് പറയുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച് അക്രമത്തിൽ ത്രിപുരയിലെ സിപിഎം, ബിജെപി, തിപ്ര മോത പാർട്ടി ഓഫീസുകളും പ്രവർത്തകരും അക്രമിക്കപ്പെട്ടു. വീടുകൾ അഗ്‌നിക്കിരയാക്കി. രണ്ട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

also read- പൊങ്കാലയുടെ കല്ല് മറിച്ചുവിൽക്കുന്നവരെ ആണ് വിലക്കിയത്; ഭക്തർക്ക് കല്ല് തിരികെ കൊണ്ടുപോകാം; വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് കോർപ്പറേഷൻ

പശ്ചിമ ത്രിപുര, ധലായ് ജില്ലകളിലാണ് അക്രമം രൂക്ഷം. അഗർത്തലയ്ക്ക് സമീപം അക്രമ സംഭവങ്ങളിൽ ഗുരുതരമായി പരിക്കേറ്റ എട്ട് പേർ ചികിത്സയിലാണ്. വീടുകൾ വ്യാപകമായി തീയിട്ട് നശിപ്പിച്ചു. ജുബരാജ് നഗറിലെ സിപിഎം എംഎൽഎ ശൈലേന്ദ്ര ചന്ദ്ര ദേബ്നാഥിന്റെ റബ്ബർ തോട്ടത്തിന് തീയിട്ടതും ഇതിൽ ഉൾപ്പെടും.35 പേരെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version