ക്ലിനിക്കില്‍ വെച്ച് ഗര്‍ഭഛിദ്രത്തിനിടെ വീട്ടമ്മ മരിച്ചു; ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍; മകന്‍ ഒളിവില്‍

കേസില്‍ ഇവരുടെ മകന്‍ കാര്‍ത്തിക് ഒളിവിലാണ്.

Neet | india news

ചെന്നൈ: ആയുര്‍വേദ ഡോക്ടര്‍ നടത്തിയ ഗര്‍ഭച്ഛിദ്രത്തിനിടെ വീട്ടമ്മ മരിച്ച സംഭവത്തില്‍ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റിലായി. വടചിറ്റൂരില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന മുത്തുലക്ഷ്മി എന്ന 57കാരിയാണ് അറസ്റ്റിലായത്. കേസില്‍ ഇവരുടെ മകന്‍ കാര്‍ത്തിക് ഒളിവിലാണ്.

നെഗമം സ്വദേശി വനിതാമണിയെന്ന യുവതിയാണ് തന്റെ അഞ്ചാമത്തെ ഗര്‍ഭം അലസിപ്പിക്കാന്‍ മുത്തുലക്ഷ്മിയുടെ ക്ലിനിക്കില്‍ എത്തിയത്. വനിതാമണിക്ക് കുത്തിവെപ്പ് നല്‍കിയ ശേഷം ഒരു ദിവസം നീണ്ട ചികിത്സയും മുത്തുലക്ഷ്മി നല്‍കിയിരുന്നു. തിരികെ വീട്ടിലെത്തിയ വനിതാമണിക്ക് തളര്‍ച്ച അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പാതിവഴിയില്‍ മരണം സംഭവിച്ചു. വനിതാമണിയുടെ 19 കാരനായ മൂത്ത മകനാണ് അമ്മയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും മൂലമാണ് വനിതാമണി ഗര്‍ഭഛിദ്രത്തിന് മുതിര്‍ന്നതെന്ന് അവരുടെ മൂത്തമകന്‍ പറയുന്നു. വനിതാമാനിയുടെ ഭര്‍ത്താവ് സെല്‍വരാജും ക്ലിനിക്കില്‍ ചികിത്സയ്ക്ക് ഒപ്പമുണ്ടായിരുന്നു.

നേരത്തെ ആയുര്‍വേദ മരുന്നുകള്‍ക്കൊപ്പം അലോപ്പതി മരുന്നുകള്‍ നല്‍കിയതിന് മുത്തുലക്ഷ്മിക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരുന്നു. അതില്‍ നിയമനടപടി നേരിടുന്നതിനിടെയാണ് പുതിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. മുത്തുലക്ഷ്മി അറസ്റ്റിലായതിന് പിന്നാലെയാണ് മകന്‍ ഒളിവില്‍ പോയത്.

Exit mobile version