‘കപട ദേശീയവാദിയായ മോഡിക്ക് രാജീവ് ഗാന്ധിയുടെ ത്യാഗം മനസിലാകില്ല’; വിമര്‍ശിച്ച് അഹമ്മദ് പട്ടേല്‍

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി അഴിമതിക്കാരന്‍ ആയിരുന്നുവെന്ന പരാമര്‍ശത്തില്‍ മോഡിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രംഗത്ത്. കപട ദേശീയവാദിയായ മോഡിക്ക് രാജീവ് ഗാന്ധിയുടെ ത്യാഗം മനസിലാകില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് മോഡിയുടേതെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

മോഡി ഒരു കപട ദേശീയവാദിയാണ്. രാജ്യത്തിന്റെ രക്തസാക്ഷികളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതും ഇന്ത്യയിലെ ജനങ്ങള്‍ മറക്കില്ല. രാജ്യത്തിനെതിരെ ചെയ്ത കാര്യങ്ങളില്‍ മോഡിയുടെ പേര് കറുത്ത മഷിയിലാവും ചരിത്രത്തില്‍ രേഖപ്പെടുത്തുക- അഹമ്മദ് പട്ടേല്‍ പറഞ്ഞു.

നേരത്തെ മോഡിക്ക് മറുപടിയുമായി നേരത്തെ പ്രിയങ്കയും രാഹുലും രംഗത്ത് വന്നിരുന്നു. മോഡിക്കു മോഡിയെക്കുറിച്ചു തോന്നുന്ന കാര്യം തന്റെ അച്ഛന്റെ മേല്‍ ചാരുന്നതുകൊണ്ടു മോഡിക്കു രക്ഷപ്പെടാനാവില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.

ഉത്തര്‍പ്രദേശിലെ പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാജീവ് ഗാന്ധി മരിക്കും വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു എന്ന് മോഡി പറഞ്ഞത്.

Exit mobile version