ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണം നടത്തരുത്; ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ജസ്റ്റിസ് റോഹിണ്ടന്‍ നരിമാനൊപ്പം എത്തിയാണ് മൂന്നംഗ അന്വേഷണ പാനലിനെ അദ്ദേഹം കണ്ടത്

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പരാതിക്കാരിയുടെ അഭാവത്തില്‍ നടത്തരുതെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ആരോപണത്തെപ്പറ്റി അന്വേഷിക്കുന്ന സുപ്രീം കോടതി ആഭ്യന്തര പാനലിനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ജസ്റ്റിസ് റോഹിണ്ടന്‍ നരിമാനൊപ്പം എത്തിയാണ് മൂന്നംഗ അന്വേഷണ പാനലിനെ അദ്ദേഹം കണ്ടത്. പരാതിക്കാരിയുടെ അഭാവത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നത് സുപ്രീം കോടതിയുടെ പേരിന് കളങ്കമേല്‍പ്പിക്കുന്നതാണ്. പരാതിക്കാരിക്ക് ഒരു അഭിഭാഷകനെ അനുവദിക്കുകയോ, അന്വേഷണത്തിനായി അമിക്കസ് ക്യൂറിയോ നിയോഗിക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മെയ് രണ്ടിന് അയച്ച കത്തിലും ജസ്റ്റിസ് ചന്ദ്രചൂഡ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 30നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയിലെ ആഭ്യന്തര അന്വേഷണത്തില്‍ നിന്ന് പരാതിക്കാരി പിന്മാറിയത്.

Exit mobile version