ശ്രീലങ്കന്‍ ഭീകരാക്രമണം; പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികള്‍ പരിശീലനത്തിനായി കേരളത്തില്‍ എത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീലങ്കന്‍ സൈനിക മേധാവി

ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകള്‍ പരിശീലനങ്ങള്‍ക്കായി കേരളത്തിലും കാശ്മീരിലും എത്തിയെന്ന് ശ്രീലങ്കന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍.

ന്യൂഡല്‍ഹി: ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകള്‍ പരിശീലനങ്ങള്‍ക്കായി കേരളത്തിലും കാശ്മീരിലും എത്തിയെന്ന് ശ്രീലങ്കന്‍ സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍.

തീവ്രവാദികളായ ചിലര്‍ ഇന്ത്യയിലെത്തുകയും ബംഗളൂരു, കാശ്മീര്‍, കേരളം എന്നിവിടങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം നേടുന്നതിനോ മറ്റു തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നതിനോ ആയിരിക്കാം ഇവര്‍ ഇവിടങ്ങള്‍ സന്ദര്‍ശിച്ചതെന്നാണ് കരുതുന്നതെന്നും സൈനിക മേധാവി വ്യക്തമാക്കി.

അതേസമയം, ശ്രീലങ്കയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധനകള്‍ നടത്തിയിരുന്നു. ഐഎസ് ബന്ധമാരോപിച്ച് കൊച്ചിയില്‍ ഒരാളെ അറസ്റ്റ് ചെയ്യകയും ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ആഗോള ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.

എന്നാല്‍, ഇതു സംബന്ധിച്ച് ആദ്യമായാണ് ശ്രീലങ്കയുടെ ഭാഗത്തുനിന്ന് സ്ഥിരീകരണമുണ്ടാകുന്നത്. കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയ എന്‍ഐഎ, ശ്രീലങ്കയിലെ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കാശ്മീരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ളതായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Exit mobile version