കാലമിത്ര കഴിഞ്ഞിട്ടും ലോകത്തിന് മുന്നില്‍ കോണ്‍ഗ്രസ് ഇന്ത്യയെ പാമ്പാട്ടികളുടെ നാടാക്കി ചിത്രീകരിക്കുന്നു; പാമ്പിനെ കൈയ്യിലെടുത്ത പ്രിയങ്കയെ ‘കൊത്തി’ മോഡി

ലോകത്തിനു മുന്നില്‍ ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ബിക്കാനീര്‍: സ്വാതന്ത്ര്യം നേടി രാജ്യം ഇത്രയേറെ കാലം മുന്നോട്ട് പോയിട്ടും ലോകത്തിനു മുന്നില്‍ ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരോപണം. റായ്ബറേലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കൈയ്യിലെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനെ നേരിട്ട് എടുത്തു പറയാതെയായിരുന്നു മോഡിയുടെ എവിടെയും തൊടാതെയുള്ള വിവാദപരാമര്‍ശം.

പണ്ട് പാമ്പാട്ടികളെയും അവരുടെ മകുടിയൂത്തും കാണിച്ച് വിദേശികളായ അതിഥികളെ സന്തോഷിപ്പിച്ചിരുന്നവരാണ് കോണ്‍ഗ്രസുകാര്‍. ഇന്ത്യയെ പാമ്പാട്ടികളുടെ നാട് ആണ് എന്നായിരുന്നു വിദേശികളുടെ വിചാരം. അക്കാലമൊക്കെ കഴിഞ്ഞു. ഇന്ന് ഐടി യുഗത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ മുന്നേറുന്നത് കമ്പ്യൂട്ടര്‍ മൗസുകളുടെ സഹായത്തോടെയാണ്. അവര്‍ പാമ്പാട്ടികളല്ല. ഇക്കാര്യങ്ങളൊക്കെ കോണ്‍ഗ്രസ് മറന്നുപോകുന്നുവെന്നും മോഡി പറഞ്ഞു.

രാജസ്ഥാനിലെ ബിക്കാനീറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി.

Exit mobile version