തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: മോഡിക്കും അമിത് ഷായ്ക്കുമെതിരായ കോണ്‍ഗ്രസിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

പെരുമാറ്റ ചട്ടലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ക്കാണ് സുപ്രീംകോടതി മൂല്യം കല്‍പ്പിക്കുക.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കുമെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഇക്കാര്യം ഇന്ന് കമ്മീഷന്‍ കോടതിയെ അറിയിക്കും.

പെരുമാറ്റ ചട്ടലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ക്കാണ് സുപ്രീംകോടതി മൂല്യം കല്‍പ്പിക്കുക. കമ്മീഷന്‍ തീരുമാനങ്ങളില്‍ ഇടപെടാനാകില്ലെന്നാണ് സുപ്രീംകോടതി ഇതുവരെ എടുത്തിട്ടുളള നിലപാട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. കോണ്‍ഗ്രസ് എംപി സുസ്മിതാ ദേവാണ് ഹര്‍ജി നല്‍കിയത്. പുല്‍വാമയില്‍ മരിച്ച സൈനികരുടെ പേരില്‍ കന്നിവോട്ടര്‍മാര്‍ വോട്ട് ചെയ്യണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

Exit mobile version