മുഖം മറച്ചെത്തി 803 പവന്‍ കവര്‍ന്നു; അന്വേഷണത്തിനൊടുവില്‍ കള്ളിവെളിച്ചത്ത്, ജീവനക്കാരിയും കാമുകനും അറസ്റ്റില്‍

തൂവാല കൊണ്ട് മുഖം മറച്ച് ആഭരണം പണയം വെയ്ക്കണമെന്ന ആവശ്യവുമായാണ് ഇയാള്‍ മൂത്തൂറ്റ് മിനി ഫൈനാന്‍സിലെത്തിയത്

കോയമ്പത്തൂര്‍: മൂത്തൂറ്റ് മിനി ഫൈനാന്‍സിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. മുഖം മറച്ചെത്തി 803 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്ന ഈറോഡ് സ്വദേശി സുരേഷ്, ഇയാളുടെ കാമുകിയും മൂത്തൂറ്റിലെ ജീവനക്കാരിയുമായ രേണുകാ ദേവിയുമാണ് അറസ്റ്റിലായിരിക്കുന്നത്.

തൂവാല കൊണ്ട് മുഖം മറച്ച് ആഭരണം പണയം വെയ്ക്കണമെന്ന ആവശ്യവുമായാണ് ഇയാള്‍ മൂത്തൂറ്റ് മിനി ഫൈനാന്‍സിലെത്തിയത്. ഓഫീസിലുണ്ടായിരുന്ന തന്നെയും മറ്റൊരു ജീവനക്കാരിയെയും ബോധം കെടുത്തി മോഷ്ടാവ് പണവും സ്വര്‍ണ്ണവും കവര്‍ന്നെന്നാണ് രേണുകാ ദേവി പോലീസിനോട് പറഞ്ഞത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലായിരുന്നു.

സംശയം തോന്നിയ പോലീസ് രേണുകാ ദേവിയെ വിശദമായി ചോദ്യം ചെയ്തു. മൊഴികളിലെ വൈരുധ്യവും പോലീസിനെ കാര്യങ്ങള്‍ എളുപ്പമാക്കി. തുടര്‍ന്ന് രേണുകാ ദേവി കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം ഓഫീസിലുണ്ടായിരുന്ന ജീവനക്കാരിക്ക് രേണുകാ ദേവി ചായയില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

Exit mobile version