ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം; ഇരുപത് സിഗരറ്റ് വലിക്കുന്നതിന് തുല്യമെന്ന് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വളരെ അപകടം നിറഞ്ഞതാണെന്നും പതിനഞ്ച് തൊട്ട് ഇരുപത് സിഗരറ്റ് വരെ വലിക്കുന്നതിന് തുല്യമാണിതെന്നും തലസ്ഥാനത്തെ ഡോക്ടര്‍മാര്‍. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ ഭീകരാവസ്ഥ കാണിക്കാന്‍ നഗരത്തിലെ ആശുപത്രിയില്‍ മനുഷ്യ ശ്വാസകോശത്തിന്റെ ഇന്‍സ്റ്റലേഷന്‍ ഇന്നലെയാണ് സ്ഥാപിച്ചത്.

കഴിഞ്ഞ മുപ്പത് വര്‍ഷം കൊണ്ട് ശ്വാസകോശത്തിന്റെ നിറം മാറിയത് ഞാന്‍ കണ്ടിട്ടുണ്ട്. മുന്‍പ് കറുത്ത നിറത്തിലുള്ള ശ്വാസകോശം പുകവലിക്കാരിലാണ് കണ്ടിരുന്നത്, അല്ലാത്തവരുടേത് പിങ്ക് നിറത്തിലും, പക്ഷേ ഈയടുത്തായി ഞാന്‍ കറുത്ത നിറമുള്ള ശ്വാസകോശം മാത്രമേ കാണുന്നുള്ളൂ. ചെറുപ്പക്കാരുടെ ശ്വാസകോശം വരെ ഇന്ന് കറുപ്പ് നിറത്തിലാണ് കാണാന്‍ സാധിക്കുന്നത്. ഇത് പേടിപ്പെടുത്തുന്നതാണ്, ഇന്‍സ്റ്റലേഷനോടെ ജനങ്ങളുടെ ശ്വാസകോശത്തിന് എന്ത് സംഭവിക്കുന്നു എന്ന് അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗംഗ റാം ആശുപത്രിയിലെ സെന്റര്‍ ഫോര്‍ ചെസ്‌ററ് വിഭാഗം ഡോക്ടര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു.

ഡല്‍ഹിയിലെ പുക ശ്വാസകോശം കറുപ്പണിയിക്കുമെന്നും അവ ഗുരുതരമായി ശരീരത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അപകടകരമാം വിധമാണ്. ഇത് തടയാന്‍ എന്തെങ്കിലും ചെയ്‌തേ മതിയാകൂ അല്ലെങ്കില്‍ നമ്മുടെ ആരോഗ്യരംഗം തന്നെ അവതാളത്തിലാകും. ഇപ്പോള്‍ തന്നെ നിരവധി പേരാണ് ചുമയും വായയ്ക്കും മൂക്കിനും അസ്വസ്ഥതയുമായി വരുന്നത് ഗംഗ റാം ആശുപത്രിയിലെ ഡോക്ടര്‍ എസ്പി ബയോട്ര പറയുന്നു.

അതേ സമയം ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം പരിശോധിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഗ്രാപ് അഥവാ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ മലിനീകരണമുള്ള ദിവസം കണ്ടു പിടിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Exit mobile version