അഖിലയുടെ അതിജീവനം അത്ഭുതം!പൂട്ടിക്കിടന്ന അയല്‍വീട്ടിലെ ബാത്‌റൂമില്‍ അബദ്ധത്തില്‍ കുടുങ്ങി; ഏഴുവയസുകാരി അഞ്ചുദിവസം ജീവന്‍ നിലനിര്‍ത്തിയത് പൈപ്പ് വെള്ളം കുടിച്ച്!

അഖില എന്ന ഏഴുവയസുകാരിയാണ് അത്ഭുതകരമായി പ്രതികൂല അവസ്ഥയെ അതിജീവിച്ചത്.

ഹൈദരാബാദ്: അയല്‍വീട്ടിലെ പൂട്ടിക്കിടന്ന ബാത്‌റൂമില്‍ അബദ്ധവശാല്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തിയത് പൈപ്പ് വെള്ളം കുടിച്ച്. തെലങ്കാന നാരായണ്‍പേട്ട് ജില്ലയിലെ മഖ്താലിലാണ് സംഭവം. അഖില എന്ന ഏഴുവയസുകാരിയാണ് അത്ഭുതകരമായി പ്രതികൂല അവസ്ഥയെ അതിജീവിച്ചത്.

ഈ മാസം 20ന് വീടിന്റെ ടെറസില്‍ കളിക്കുകയായിരുന്ന രണ്ടാംക്ലാസുകാരിയായ പെണ്‍കുട്ടി അബദ്ധവശാല്‍ കാലുതെറ്റി താഴേയ്ക്ക് വീഴുകയായിരുന്നു. കാല്‍വഴുതി കെട്ടിടത്തിന്റെ മുകളിലെ പ്ലാസ്റ്റിക് വലകൊണ്ട് മൂടിയിട്ട വിടവിലൂടെയാണ് താഴെയുള്ള ബാത്ത്‌റൂമില്‍ വീണത്. പേടിച്ചരണ്ട പെണ്‍കുട്ടി സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല.

കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് നാല് ദിവസങ്ങള്‍ക്ക് ശേഷം അയല്‍വാസികള്‍ തിരികെ എത്തിയപ്പോഴാണ് ബോധമില്ലാതെ പെണ്‍കുട്ടി ബാത്റൂമില്‍ കിടക്കുന്നത് കണ്ടത്. അപ്പോള്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു. കുളിമുറിയിലെ പൈപ്പ് വെള്ളം മാത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്തിയ കുട്ടി സംസാരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. ചികിത്സയില്‍ തുടരുന്ന പെണ്‍കുട്ടിക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് സൂചന.

Exit mobile version