മോഡിക്ക് ദീദിയുടെ കുര്‍ത്ത സമ്മാനം; ബിജെപി-തൃണമൂല്‍ രഹസ്യധാരണ വെളിപ്പെട്ടെന്ന് കോണ്‍ഗ്രസ്

സോമന്‍ മിത്രയാണ് മോഡിയുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ആരോപണവുമായി രംഗത്തെത്തിയത്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും രഹസ്യധാരണയിലെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്രയാണ് മോഡിയുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ആരോപണവുമായി രംഗത്തെത്തിയത്. ടിഎംസി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എല്ലാ വര്‍ഷവും കുര്‍ത്തയും മധുരപലഹാരങ്ങളും സമ്മാനിക്കുന്നുവെന്ന വാര്‍ത്ത ഇക്കാര്യം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കുന്നെന്നാണ് മിത്രയുടെ ആരോപണം.

കഴിഞ്ഞദിവസം പുറത്തുവന്ന ബോളിവുഡ് താരം അക്ഷയ് കുമാറുമൊത്തുള്ള അഭിമുഖത്തില്‍ മോഡി, മമതാ ബാനര്‍ജിയുമായി അടുത്ത സൗഹൃദമുണ്ടെന്നും അവര്‍ മധുരപലഹാരങ്ങളും തെരഞ്ഞെടുത്ത കുര്‍ത്തകളും സമ്മാനിക്കാറുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.

മമതയും മോഡിയുമായി രഹസ്യ ധാരണയുണ്ട്. ഗുജറാത്ത് കലാപത്തിനുശേഷം മമത മാത്രമേ അദ്ദേഹത്തിനു റോസാപ്പൂക്കള്‍ അയച്ചുകൊടുത്തുള്ളൂ. ബംഗാളിലെ ബിജെപിയുടെ വളര്‍ച്ചയ്ക്കു കാരണക്കാരി മമതയാണ്. അല്ലാതെ കോണ്‍ഗ്രസും ഇടതുപക്ഷവും ദുര്‍ബലമായതുകൊണ്ടല്ല. തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ടിഎംസി പിന്തുണയ്ക്കുമോയെന്നും മമത വ്യക്തമാക്കണം.’ – കൊല്‍ക്കത്ത പ്രസ് ക്ലബിലെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ ചോദ്യത്തിനു മറുപടിയായി മിത്ര പറഞ്ഞു.

Exit mobile version