ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണം: ഗൂഢാലോചനയില്‍ അന്വേഷണം പ്രഖ്യാപിച്ചു

സിബിഐ, ഐബി, ഡല്‍ഹി പോലീസ് സംയുക്ത അന്വേഷണസംഘം കേസ് അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ തുടര്‍ നടപടി. ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവ്. ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രീം കോടതിയാണ് ഉത്തരവിട്ടത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. റിട്ട.ജസ്റ്റിസ് എകെ പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തും. മുഖ്യ അന്വേഷണ സംഘങ്ങള്‍ സംയുക്തമായി അന്വേഷണം നടത്തും.

സിബിഐ, ഐബി, ഡല്‍ഹി പോലീസ് സംയുക്ത അന്വേഷണസംഘം കേസ് അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗൂഢാലോചനക്കാരുടെ പേര് വെളിപ്പെടുത്താത്തതിന് നിയമ പരിരക്ഷയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. നേരത്തെ, പേരുകള്‍ പറയാന്‍ ആരോപണം ഉന്നയിച്ച അഭിഭാഷകര്‍ മടിച്ചിരുന്നു. കോര്‍പ്പറേറ്റ് ലോകത്തെ വമ്പന്‍ ഉള്‍പ്പെട്ട വന്‍സംഘമാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക പീഡന ആരോപണത്തിന് പിന്നിലെന്ന് ആരോപിച്ച അഭിഭാഷകന്‍ പേരുകള്‍ വെളിപ്പെടുത്തിയില്ല. ഇതിനെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ എതിര്‍ത്തു.

പീഡന ആരോപണവും ഗൂഢാലോചന വിഷയവും ഒരുമിച്ച് അന്വേഷിക്കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിങിന്റെ ആവശ്യം കോടതി തള്ളി.

Exit mobile version