പച്ചനിറം അലര്‍ജിയാണോ..? അങ്ങനെയെങ്കില്‍ ദേശീയപതാകയിലെ പച്ചനിറവും നിരോധിക്കണമെന്ന് ആവശ്യപ്പെടുമോ…? കേന്ദ്രമന്ത്രിയോട് തേജസ്വി യാദവ്

ബിഹാറിലെ ബെഗുസരായില്‍ സ്ഥാനാര്‍ത്ഥിയാണ് ഗിരിരാജ് സിങ്.

പട്‌ന: പച്ച പതാകകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. പച്ച നിറം അലര്‍ജിയാണോ എന്ന പരിഹാസമാണ് ആദ്യം ഉയരുന്നത്. അങ്ങനെയെങ്കില്‍ ദേശീയപതാകയിലെ പച്ചനിറവും നിരോധിക്കണമെന്നാണോ ബിജെപി നേതാവ് ആഗ്രഹിക്കുന്നതെന്ന് തേജസ്വി ചോദിക്കുന്നു.

ചില മുസ്ലീം സംഘടനകള്‍ ഉപയോഗിക്കുന്ന പച്ചപ്പതാകകള്‍ക്ക് പാകിസ്താന്‍ പതാകയോട് സാമ്യമുണ്ടെന്നും അവ വെറുപ്പും വിദ്വേഷവും പടര്‍ത്തുകയാണെന്നും അതിനാല്‍ അവ നിരോധിക്കണമെന്നുമായിരുന്നു ഗിരിരാജ് സിങിന്റെ ആവശ്യം. ബിഹാറിലെ ബെഗുസരായില്‍ സ്ഥാനാര്‍ത്ഥിയാണ് ഗിരിരാജ് സിങ്.

‘ദേശീയപതാകയിലെ പച്ചനിറവും ഒഴിവാക്കണമോയെന്ന് ഗിരിരാജ് ജനങ്ങളോട് പറഞ്ഞേ പറ്റൂ. ആര്‍എസ്എസിന്റെയും ബിജെപിയുടെയും സജീവപ്രവര്‍ത്തകനായ സിങ്ങിന് ത്രിവര്‍ണപതാകയ്ക്കു പകരം കാവിപ്പതാക കൊണ്ടുവരണമെന്നാണാഗ്രഹം. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങള്‍ അതിനനുവദിക്കില്ല. പച്ചയും വെള്ളയും കാവി നിറവുമുള്ള ത്രിവര്‍ണ പതാകയ്ക്കു വേണ്ടി നമ്മള്‍ പോരാടും” -തേജസ്വി കൂട്ടിച്ചേര്‍ത്തു.

Exit mobile version