ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം; ഇല്ലെന്ന കടംപിടുത്തവുമായി തേജസ്വി യാദവ്! അര ലക്ഷം പിഴയടയ്ക്കാന്‍ വിധിച്ച് കോടതിയും

ദേശ് രത്ന മാര്‍ഗിലെ അഞ്ചാം നമ്പര്‍ വസതിയുടെ ഇപ്പോഴത്തെ അവകാശി ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയാണ്.

ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രിയുടെ ബംഗ്ലാവ് ഒഴിയാനുള്ള കോടതി നിര്‍ദേശത്തോട് ഇല്ലെന്ന നയം സ്വീകരിച്ച ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് അരലക്ഷം പിഴയടയ്ക്കാന്‍ ഉത്തരവിട്ട് കോടതി. ബീഹാര്‍ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന സര്‍ക്കാര്‍ ബംഗ്ലാവ് പുതിയ ഉപമുഖ്യമന്ത്രിക്ക് വേണ്ടി ഒഴിയാന്‍ തയാറാകില്ലെന്ന കടും പിടിത്തമാണ് അദ്ദേഹം കൈകൊണ്ടത്.

എന്നാല്‍ ഉടന്‍ ഒഴിയണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള ബെഞ്ച് പറയുകയായിരുന്നു. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിന് നേതാവില്‍ നിന്ന് അര ലക്ഷം രൂപ പിഴയടയ്ക്കാനും രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായുള്ള ബെഞ്ച് ഉത്തരവിട്ടു. പട്ന ഹൈക്കോടതിയിലെ രണ്ട് ബെഞ്ചുകള്‍ തള്ളിയ ഹര്‍ജിയുമായി സമീപിച്ച് സുപ്രീം കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ തേജസ്വി യാദവ് ബംഗ്ലാവൊഴിഞ്ഞ് കൊടുക്കണമെന്ന് പറഞ്ഞതിന് പിന്നാലെ പിഴയടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ദേശ് രത്ന മാര്‍ഗിലെ അഞ്ചാം നമ്പര്‍ വസതിയുടെ ഇപ്പോഴത്തെ അവകാശി ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയാണ്. എന്നാല്‍ തേജസ്വി യാദവ് ഇതുവരെ ഔദ്യോഗിക ബംഗ്‌ളാവ് ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറായില്ല. നിയമസഭയിലെ പ്രതിപക്ഷ നേതാവാണു തേജസ്വി ഇപ്പോള്‍.

Exit mobile version