സൈനികരുടെ പേരില്‍ വോട്ടഭ്യര്‍ത്ഥന; നരേന്ദ്ര മോഡിക്കെതിരെയുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ‘കാണാനില്ല’

ന്യൂഡല്‍ഹി: സൈന്യത്തിന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ച നരേന്ദ്ര മോഡിക്കെതിരെ സമര്‍പ്പിച്ച പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ കാണാനില്ല. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് മഹേന്ദ്ര സിങ് എന്നയാളാണ് മോഡിക്ക് എതിരെ പരാതി നല്‍കിയത്.

ഏപ്രില്‍ ഒമ്പതിന് സമര്‍പ്പിച്ച പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് കാണാതായത്. മൊത്തം 426 പരാതികളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുല്‍വാമയില്‍ രക്തസാക്ഷികളായവര്‍ക്കും ബാലാകോട്ട് മിന്നലാക്രമണത്തില്‍ പങ്കെടുത്തവര്‍ക്കും വോട്ട് ചെയ്യാനാണ് മോഡി അഭ്യര്‍ത്ഥിച്ചത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു അഭ്യര്‍ത്ഥന. ഇതിന് എതിരെയായിരുന്നു പരാതി നല്‍കിയത്.

പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് വെബ്‌സൈറ്റില്‍ നിന്ന് പരാതി കാണാതായിരിക്കുന്നത്.

അതേസമയം, മോഡിക്കെതിരെയുള്ള പരാതി അപ്രത്യക്ഷമായത് സാങ്കേതിക പ്രശ്‌നമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

Exit mobile version