വിവാഹ ജീവിതത്തില്‍ അസംതൃപ്തി; രോഹിത്ത് തിവാരിയെ ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്

രോഹിത്തിന്റെ മരണം കൊലപാതകം തന്നെ; വിവാഹ ജീവിതത്തിലെ അസംതൃപ്തി; രോഹിത്ത് തിവാരിയുടെ മൂക്കും വായും പൊത്തി ഭാര്യ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്-ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത്ത് ശേഖര്‍ തിവാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്ന് ഭാര്യ അപൂര്‍വ്വ ശുക്ല തിവാരി രോഹിത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. മദ്യപിച്ച് മയങ്ങുകയായിരുന്ന രോഹിത്തിനെ തലയണ ഉപയോഗിച്ച് മൂക്കും വായയും പൊത്തി ശ്വാസം മുട്ടിച്ച് അപൂര്‍വ്വ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍. കേസില്‍ അപൂര്‍വ്വയെ അറസ്റ്റ് ചെയ്തു.

കൃത്യത്തിന് അപൂര്‍വ്വ ആരുടേയും സഹായം തേടിയിട്ടില്ലെന്നും തനിച്ചാണ് കൊല നടത്തിയതെന്നും പോലീസ് അറിയിച്ചു. അപൂര്‍വ്വയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. രോഹിത്തിന്റെ മരണം സംബന്ധിച്ച് ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അപൂര്‍വ്വയേയും വീട്ടിലെ ജോലിക്കാരേയും രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്ത് വരിയായിരുന്നു.

ഏപ്രില്‍ 16ാം തീയതി വൈകുന്നേരത്തോടെയാണ് മരിച്ചനിലയില്‍ രോഹിത്തിനെ ഭാര്യ സാകേത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം ഹൃദയാഘാതമാണെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണം രേഖപ്പെടുത്തിയതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയുമായിരുന്നു.

ഏപ്രില്‍ 15ന് രാത്രി മദ്യപിച്ച് വീട്ടിലെത്തിയ രോഹിത് നേരെ കിടപ്പുമുറിയിലേക്ക് പോവുകയായിരുന്നെന്ന് വീട്ടുജോലിക്കാരന്റെ മൊഴിയില്‍ പറഞ്ഞിരുന്നു. പിന്നീട് ഉറങ്ങാന്‍ കിടന്ന രോഹിത്തിനെ അടുത്തദിവസം വൈകുന്നേരം നാലുമണിയോടെയാണ് മൂക്കില്‍ നിന്നും രക്തം വന്ന നിലയില്‍ കിടപ്പുമുറിയില്‍ നിന്നും കണ്ടെത്തുന്നത്. വൈകുന്നേരം വരെ ആരും രോഹിത്തിനെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കാതിരുന്നത് കേസിന്റെ തുടക്കത്തില്‍ തന്നെ ദുരൂഹത ഉയര്‍ത്തിയിരുന്നു.

വീട്ടിലെ ഏഴ് സിസിടിവികളില്‍ രണ്ടെണ്ണം ഓഫ് ചെയ്ത നിലയിലാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. മുമ്പ് ഏഴ് വര്‍ഷത്തോളം നിയമ പോരാട്ടം നടത്തിയാണ് രോഹിത്ത് പിതൃപരിശോധനയിലൂടെ എന്‍ഡി തിവാരിയുടെ മകനാണെന്ന് അംഗീകരിക്കപ്പെട്ടത്.

Exit mobile version