ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കുരുതി; കൊല്ലപ്പെട്ടവരില്‍ രണ്ട് ജെഡിഎസ് പ്രവര്‍ത്തകരും! പ്രിയപ്പെട്ടവര്‍ ആയിരുന്നുവെന്ന് എച്ച്ഡി കുമാരസ്വാമി

ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

ബംഗളൂരു: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ ഒരു മലയാളി ഉള്‍പ്പടെ അഞ്ച് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ രണ്ട് ആളുകള്‍ ജെഡിഎസ് പ്രവര്‍ത്തകരാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കര്‍ണാടക സ്വദേശികളായ കെജി ഹനുമന്തരായപ്പ, എം രംഗപ്പ എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പ്രവര്‍ത്തകര്‍ തനിക്ക് വ്യക്തിപരമായി അറിയുന്നവരാണെന്നും പ്രിയപ്പെട്ടവരും ആയിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറയുന്നു. പ്രവര്‍ത്തകരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും എച്ച്ഡി കുമാരസ്വാമി പറഞ്ഞു.

തുംക്കൂരിലും ചിക്ക്ബലാപൂരിലുമുള്ള ഏഴ് ജെഡിഎസ് പ്രവര്‍ത്തകര്‍ കൊളംബോയിലെ ഷാന്‍ഗ്രില ഹോട്ടലില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 24 പേരെയാണ് നിലവില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈസ്റ്റര്‍ദിനത്തില്‍ കൊളംബോയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പടെ എട്ടിടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്. 290 പേരാണ് ഇതുവരെ മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

Exit mobile version